കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ പുതിയ ആയുധവുമായി ബി.ജെ.പി ബംഗാൾ ഘടകം. സർക്കാരിന്റെ അഴിമതികളെക്കുറിച്ച് പരാതി നൽകാനായി ടോൾഫ്രീ നമ്പർ പുറത്തിറക്കിയിരിക്കുകയാണ് ബിജെപി. അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.ജെ.പിയുടെ പുതിയ നീക്കം. ‘ദുർനീതിർ ബിരുദ്ധേ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ഉദ്ഘാടനം ചെയ്തു. മമതാ ബാനർജി സർക്കാറിനെ താഴെയിറക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
“തൃണമൂലിന്റെ വലിയ തോതിലുള്ള അഴിമതി മൂലം സംസ്ഥാനത്തെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. തൃണമൂൽ സർക്കാരിനെതിരെയോ നേതാക്കൾക്കെതിരെയോ അഴിമതി സംബന്ധിച്ച് പരാതികളുള്ളവർക്ക് ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാം”- ടോൾഫ്രീ നമ്പർ പുറത്തിറക്കിയ ശേഷം ഘോഷ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇത്തരത്തിൽ ജനങ്ങൾ ബോധിപ്പിക്കുന്ന പരാതികൾ കേന്ദ്രസർക്കാരിന് കൈമാറുമെന്നും ഘോഷ് വ്യക്തമാക്കി. 7044070440 ആണ് പരാതികൾ ബോധിപ്പിക്കാനുള്ള ടോൾഫ്രീ നമ്പർ. നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ചചെയ്യാൻ കഴിഞ്ഞമാസം ഡൽഹിയിൽ ചേർന്ന ബി.ജെ.പി നേതൃയോഗത്തിലാണ് ടോൾ ഫ്രീ നമ്പർ ആരംഭിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.