ന്യൂഡെൽഹി: കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് കമ്പനി ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനാണ് കൊവാക്‌സിൻ. കഴിഞ്ഞ മാസം ഭാരത് ബയോടെക്ക് കോവിഡ് വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നത്.
എന്നാൽ ഇതിനിടയിൽ വാക്‌സിൻ പരീക്ഷണത്തിന് വിധേയനായ ഹരിയാന മന്ത്രി അനിൽ വിജിന് കോവിഡ് സ്‌ഥിരീകരിച്ചത് ആശങ്ക പടർത്തിയിരുന്നു. വാക്‌സിന്റെ ഗുണനിലവാരത്തെ ചൊല്ലി ഇതോടെ സംശയം ഉണരുകയും ചെയ്‍തു. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20നാണ് മന്ത്രി ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.
ഇതിന് പിന്നാലെ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. 28 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസ് എടുക്കുമ്പോഴാണ് വാക്‌സിൻ ഫലം കാണുകയെന്ന് ഭാരത് ബയോടെക് അറിയിച്ചു.
കോവിഡ് സ്‌ഥിരീകരിച്ച മന്ത്രി ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിരുന്നുള്ളു എന്നും ഭാരത് ബയോടെക് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് തയ്യാറാക്കിയ വാക്‌സിന്റെ ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്‌റ്റിറ്റ്യൂട്ട് അപേക്ഷ സമർപ്പിച്ചിരുന്നു.
Read Also: കര്‍ഷക സമരത്തിലെ പൊലീസ് അതിക്രമം പുറത്തെത്തിച്ച ഫോട്ടോഗ്രാഫര്‍ക്ക് നേരെ ആക്രമണം







































