ഭോപ്പാൽ: വാതകദുരന്തം നടന്നതിന്റെ 377 ടൺ വിഷാവശിഷ്‌ടങ്ങൾ നശിപ്പിക്കാനുള്ള നടപടി തുടങ്ങി. ദുരന്തം നടന്ന് 40 വർഷങ്ങൾക്ക് ശേഷമാണ് പ്രദേശത്തെ വിഷാവശിഷ്‌ടങ്ങൾ മാറ്റിത്തുടങ്ങിയത്. 12 കണ്ടെയ്‌നറുകളിലായാണ് അവശിഷ്‌ടങ്ങൾ മാറ്റുന്നത്.
250 കിലോമീറ്റർ അകലെ ഇൻഡോറിന് സമീപമുള്ള പീതാംപുറിലെ ഇൻസിനറേഷൻ പ്ളാന്റിലേക്കാണ് അതീവ സുരക്ഷയിൽ അവശിഷ്‌ടങ്ങൾ നീക്കുന്നത്. പീതാംപുർ വരെയുള്ള പാതയിൽ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. പോലീസ് വാഹനങ്ങൾക്ക് പുറമെ ആംബുലൻസുകൾ, അഗ്‌നിരക്ഷാ സേനാ വാഹനങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
എഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നത്. തീപിടിത്തത്തെ പ്രതിരോധിക്കുന്ന ചോർച്ചയില്ലാത്ത പ്രത്യേകമായി ഡിസൈൻ ചെയ്‌ത 12 കണ്ടെയ്‌നറിനും 30 ടണ്ണോളം വിഷാവശിഷ്‌ടങ്ങൾ വഹിക്കാൻ സാധിക്കും. 200ൽപ്പരം തൊഴിലാളികൾ 30 മിനിറ്റ് നീണ്ടുനിൽക്കുന്ന ചെറിയ ഷിഫ്‌റ്റുകളിലായി ജോലി ചെയ്‌താണ് വിഷാവശിഷ്‌ടങ്ങൾ സുരക്ഷിതമായി കണ്ടെയ്‌നറുകളിലേക്ക് മാറ്റിയത്.
അതേസമയം, വിഷാവശിഷ്‌ടങ്ങൾ പീതംപുറിലെ ഇൻസിനറേഷൻ പ്ളാന്റിൽ എത്തിക്കുന്നതിനെതിരെ ജനങ്ങൾക്ക് ശക്‌തമായ എതിർപ്പുണ്ട്. നാളെ നഗരം പൂർണമായി അടച്ചിടാൻ പത്തിലധികം സംഘടനകൾ ആഹ്വാനം ചെയ്‌തു. വിദേശത്തേക്കാണ് വിഷാവശിഷ്‌ടങ്ങൾ കടത്തേണ്ടതെന്നാണ് ഇവരുടെ നിലപാട്.
ഈ വിഷാവശിഷ്‌ടങ്ങൾ 25 അടി ഉയരത്തിൽ സ്‌ഥാപിച്ച പ്രത്യേക പ്ളാറ്റുഫോമിലാണ് കത്തിക്കുക. പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ചാണിത്. മണിക്കൂറിൽ 90 കിലോ വീതം കത്തിക്കുക എന്ന വേഗത്തിൽ പോയാൽ 153 ദിവസമെടുക്കും 377 ടൺ കത്തിത്തീരാൻ. മണിക്കൂറിൽ 270 കിലോ വീതം കത്തിച്ചാൽ 51 ദിവസം കൊണ്ട് പൂർണമായി കത്തിത്തീരും.
ജനുവരി മൂന്നിന് പീതാംപുറിലെത്തിക്കുന്ന വിഷാവശിഷ്‌ടങ്ങൾ കത്തിച്ച് ലഭിക്കുന്ന ചാരം പരിശോധിച്ച് വിഷാംശം ഇല്ലെന്ന് ഉറപ്പുവരുത്തും. മധ്യപ്രദേശ് ഹൈക്കോടതിയുടെ കർശന ശാസനത്തെ തുടർന്നാണ് വിഷാവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നത്.
യൂണിയൻ കാർബൈഡ് കമ്പനിയുടെ രാസകീടനാശിനി ഫാക്‌ടറിയിൽ നിന്ന് മീതൈൽ ഐസോസയനേറ്റ് വിഷവാതകം ചോർന്നാണ് ദുരന്തമുണ്ടായത്. 1984 ഡിസംബർ 2,3 തീയതികളിലായിരുന്നു ദുരന്തം. 5479 പേരാണ് ദുരന്തത്തിൽ മരിച്ചത്. അഞ്ച് ലക്ഷത്തിലേറെ പേരെ ദുരന്തം ബാധിച്ചു.
Most Read| പാലിയേറ്റീവ് രംഗത്ത് കേരളത്തിന് വളർച്ച; പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പു രോഗികളെ