ന്യൂഡെൽഹി: ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് അധിക നഷ്‌ടപരിഹാരം നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ തിരുത്തൽ ഹരജി സുപ്രീം കോടതി തള്ളി. 1984ൽ ഭോപ്പാലിലെ ഇന്നത്തെ ഡൗ കെമിക്കൽസിന്റെ ഉടമസ്‌ഥതയിലുള്ള യൂണിയൻ കാർബൈഡ് കോർപറേഷനിൽ നിന്ന് കൂടുതൽ നഷ്‌ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ തിരുത്തൽ ഹരജിയാണ് കോടതി തള്ളിയത്.
ജസ്‌റ്റിസ് സഞ്‌ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജി തള്ളിയത്. റിസർവ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ നഷ്‌ടപരിഹാര വിതരണത്തിന് ഉപയോഗിക്കണമെന്ന് കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചു. നഷ്‌ടപരിഹാരം സംബന്ധിച്ച വിഷയം രണ്ടു പതിറ്റാണ്ടിന് ശേഷം ഉന്നയിക്കുന്നതിന്റെ യുക്‌തി വിശദീകരിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാർ നടപടിയിൽ സുപ്രീം കോടതി അതൃപ്‌തിയും അറിയിച്ചു.
നഷ്‌ടപരിഹാരത്തിൽ കുറവുണ്ടെങ്കിൽ നികത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും ഇരകൾക്കായി ഇൻഷുറൻസ് എടുക്കാതിരുന്നത് സർക്കാരിന്റെ വീഴ്‌ച ആണെന്നും കോടതി വിലയിരുത്തി. ജസ്‌റ്റിസ് സഞ്‌ജയ് കിഷൻ കൗൾ, ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന, ജസ്‌റ്റിസ് അഭയ് എസ് ഓക്ക, ജസ്‌റ്റിസ് വിക്രം നാഥ്, ജസ്‌റ്റിസ് ജെകെ മഹേശ്വർ എന്നിവർ അടങ്ങുന്ന ഭരണഘടനാ ബെഞ്ച് ജനുവരി 12ന് തിരുത്തൽ ഹരജിയിൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കേസ് പുനരാരംഭിക്കണമെന്നും വാതക ചോർച്ചാ ദുരന്തത്തിന് ഇരയായവർക്ക് 7844 കോടി രൂപയുടെ അധിക നഷ്‌ടപരിഹാരം നൽകാൻ യൂണിയൻ കാർബൈഡിന് നിർദ്ദേശം നൽകണമെന്നായിരുന്നു കേന്ദ്ര സർക്കാർ തിരുത്തൽ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. 1989ൽ ആണ് 715 കോടി രൂപ നഷ്‌ടപരിഹാരം നിശ്‌ചയിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി ഉണ്ടാകുന്നത്.
ഇതിനെതിരെ അന്ന് സർക്കാർ നൽകിയ പുനഃപരിശോധനാ ഹരജി കോടതി തള്ളിയിരുന്നു. തുടർന്ന് 2010ൽ ആണ് അധിക നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം തിരുത്തൽ ഹരജി നൽകിയത്. ഭോപ്പാൽ വാതക ദുരന്തത്തിൽ മൂവായിരത്തിലധികം പേരുടെ ജീവനാണ് പൊലിഞ്ഞത്.
Most Read: ബ്രഹ്‌മപുരത്തെ തീ പൂർണമായി അണച്ചു; 48 മണിക്കൂർ ജാഗ്രത