കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീയും പുകയും പൂർണമായി ശമിച്ചെന്ന് ജില്ലാ കളക്‌ടർ എസ്എൻകെ ഉമേഷ്. തിങ്കളാഴ്‌ച വൈകിട്ട് 5.30ഓടെ 100 ശതമാനം പുകയും അണയ്‌ക്കാനായതായി കളക്‌ടർ അറിയിച്ചു. സ്‌മോൾഡറിങ് ഫയർ ആയതുകൊണ്ട് ചെറിയ തീപിടിത്തങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂർ നിതാന്ത ജാഗ്രത തുടരും.
ചെറിയ തീപിടിത്തം ഉണ്ടായാലും അണയ്‌ക്കുന്നതിന് ഫയർ ആൻഡ് റെസ്‌ക്യൂ സേനാംഗങ്ങൾ ക്യാംപ് ചെയ്യുന്നുണ്ട്. ഇനി തീ ഉണ്ടായാലും രണ്ടു മണിക്കൂറിനകം അണയ്‌ക്കും. അതേസമയം, പ്ളാന്റിലെ പുക മൂലം വായുമലിനീകരണം ഉണ്ടായ സ്‌ഥലങ്ങളിൽ നടത്തുന്ന ആരോഗ്യ സർവേ ഇന്ന് മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി ആശാ പ്രവർത്തകർക്ക് പരിശീലനം നൽകി. മൂന്ന് സെഷനുകളിലായി 202 ആശ പ്രവർത്തകർക്കാണ് കഴിഞ്ഞ ദിവസം പരിശീലനം നൽകിയത്.
വീടുകളിൽ കയറി ആരോഗ്യസംബന്ധമായ വിവരങ്ങൾ ശേഖരിക്കും. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിവരശേഖരണം. ലഭ്യമാകുന്ന വിവരങ്ങൾ അപ്പപ്പോൾ തന്നെ പരിശോധിക്കാനും ക്രമീകരങ്ങൾ ഏർപ്പെടുത്താനും സജ്‌ജീകരങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിനിടെ, എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സജ്‌ജമാക്കിയ മെഡിക്കൽ സ്‌പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.
പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്‌ഥതകൾ ഉള്ളവർക്ക് മതിയായ ചികിൽസ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും. അതിനിടെ, തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാലിന്യ പ്ളാന്റിനായി മുടക്കിയ തുകയുടെ കണക്കുകളും കരാർ രേഖകളും അടക്കമുള്ളവ ഹാജരാക്കാൻ കോർപറേഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രഹ്‌മപുരത്ത് ഇതുവരെ സ്വീകരിച്ച നടപടികൾ പൊല്യൂഷൻ കൺട്രോൾ ബോർഡും അറിയിക്കണം. ഉച്ചക്ക് 1.45ന് ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക.
Most Read: ‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; ഹരജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്