ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന കേസിൽ അറസ്റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് കോടതി. ബൈഭവ് കുമാറിനെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി.
ബൈഭവ് കുമാറിന്റെ ഫോൺ ഫോർമാറ്റ് ചെയ്തതും അന്വേഷണ സംഘത്തിന് കൈമാറിയ പെൻഡ്രൈവിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതും ശക്തമായ തെളിവുകളാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് ബൈഭവിനെതിരായ ആദ്യ ക്രിമിനൽ കേസല്ലെന്നും റിമാൻഡ് അപേക്ഷ പരിഗണിക്കവെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഗൗരവ് ഗോയൽ ചൂണ്ടിക്കാട്ടി.
പെൻഡ്രൈവിൽ ഉള്ള ദൃശ്യങ്ങളിൽ, പരാതിക്ക് ആധാരമായ സംഭവ സമയത്തെ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ഇരു കക്ഷികളും സമർപ്പിച്ച രേഖകളും തെളിവുകളും പരിഗണിക്കുമ്പോൾ, പോലീസ് കസ്റ്റഡി അനിവാര്യമാണെന്ന് വിലയിരുത്തിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. റിമാൻഡ് കാലയളവിൽ ദിവസവും വൈകിട്ട് ആറിനും ഏഴിനുമിടയിൽ അരമണിക്കൂർ വീതം അഭിഭാഷകരെ കാണാൻ ബൈഭവ് കുമാറിന് കോടതി അനുമതി നൽകി. ദിവസവും ഭാര്യയെ കാണാനും അനുമതിയുണ്ട്.
കെജ്രിവാളിന്റെ വീട്ടിൽ നിന്നാണ് അദ്ദേഹത്തിന്റെ പിഎ ആയ ബൈഭവ് കുമാറിനെ കഴിഞ്ഞ ദിവസം ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തത്. മേയ് 13ന് കെജ്രിവാളിനെ കാണാനായി ഔദ്യോഗിക വസതിയിലെത്തിയ തന്നെ ബൈഭവ് കുമാർ ക്രൂരമായി അക്രമിച്ചെന്നാണ് സ്വാതി മലിവാൾ എംപി പരാതി നൽകിയത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്