പാറ്റ്ന: കോവിഡ് വ്യാപനം മുന്‍നിര്‍ത്തി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. പ്രചാരണത്തിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്ക് നിർബന്ധമാക്കിയതാണ് പ്രധാന നിര്‍ദ്ദേശം. പരമാവധി 200 പേരെ മാത്രമേ അടച്ചിട്ട ഹാളുകളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്നും അണികള്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ച് ഹാളിനുള്ളില്‍ പ്രവേശിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
Read also: കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്ന എല്ലാവരും ആറടി സാമൂഹിക അകലം പാലിക്കണം. വോട്ടര്‍മാരെ കെട്ടിപ്പിടിക്കുകയോ, ഹസ്തദാനം നല്‍കുകയോ ചെയ്യരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. തെരഞ്ഞടുപ്പ് പരിപാടികള്‍ നടത്തുന്ന വേദികളില്‍ നാപ്കിനുകള്‍ ലഭ്യമാക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. പരിപാടിക്ക് മുമ്പും ശേഷവും വേദിയും പരിസരവും അണുനശീകരണം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.







































