കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന് എന്നയാളുടെ കൊലപാതകത്തിന്റെ പ്രതികാരമാണ് ഒമ്പത് ഗ്രാമീണരുടെ മരണത്തിലേക്ക് നയിച്ച ബിർഭും തീവെപ്പ് കേസ് എന്ന് സിബിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കൊൽക്കത്ത ഹൈക്കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട് അനുസരിച്ച്, സംഭവം ‘ഗ്രാമത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള മൽസരത്തിന്റെ അനന്തരഫലമാണ്’ എന്നും വീടുകൾ കത്തിച്ചത് ‘പ്രതികാര പദ്ധതി’ ആണെന്നും പറയുന്നു.
മാർച്ച് 21ന് ബിർഭുമിലെ ബോഗ്തുയി ഗ്രാമത്തിൽ അക്രമികൾ 10 വീടുകൾ കത്തിച്ചതിനെ തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന് എന്നയാളുടെ കൊലപാതകത്തിന് പിന്നാലെയാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്.
സംഭവം സംസ്ഥാനത്തുടനീളം വൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) രൂപം നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ സ്വമേധയാ കേസെടുത്ത കൊൽക്കത്ത ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിച്ച് ഉത്തരവിടുകയായിരുന്നു. വിഷയത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകരുതെന്നും സിബിഐയെ അന്വേഷണത്തിന് അനുവദിക്കണമെന്നും പശ്ചിമ ബംഗാൾ സർക്കാരിന് നിർദ്ദേശവും നൽകിയിരുന്നു.
Most Read: ഇത് അടിയന്തരാവസ്ഥ കാലമല്ല; കെഎസ്ഇബി ചെയർമാനോട് എംഎം മണി








































