കൊൽക്കത്ത: ഈ മാസം ആദ്യം പശ്‌ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ വീടിന് തീകൊളുത്തി എട്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞദിവസം കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു.
മാർച്ച് 21ന് ബിർഭുമിലെ ബോഗ്തുയി ഗ്രാമത്തിൽ അക്രമികൾ 10 വീടുകൾ കത്തിച്ചതിനെ തുടർന്ന് സ്‌ത്രീകളും കുട്ടികളുമടക്കം എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെയാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത കൊൽക്കത്ത ഹൈക്കോടതി അന്വേഷണം നടത്താൻ സിബിഐയെ ചുമതലപ്പെടുത്തുകയായിരുന്നു. വിഷയത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകരുതെന്നും സിബിഐയെ അന്വേഷണത്തിന് അനുവദിക്കണമെന്നും പശ്‌ചിമ ബംഗാൾ സർക്കാരിന് നിർദ്ദേശവും നൽകിയിട്ടുണ്ട്.
ഫോറൻസിക് പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനായി സിബിഐയുടെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ (സിഎഫ്എസ്എൽ) ഒരു സംഘം ബുധനാഴ്‌ച ബോഗ്തുയിയിൽ എത്തിയിരുന്നു. തീപിടിത്തത്തിൽ കത്തിനശിച്ച വീടുകൾ സംഘം വെള്ളിയാഴ്‌ച പരിശോധിച്ചു.
അക്രമ സംഭവവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അനാറുൾ ഹുസൈനെ പശ്‌ചിമ ബംഗാൾ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കൂടാതെ, രണ്ട് പോലീസ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുമുണ്ട്. “രാംപൂർഹട്ട് കൂട്ടക്കൊലക്ക് ഉത്തരവാദികളായ കുറ്റവാളികൾക്കെതിരെ കടുത്ത ശിക്ഷ പോലീസ് ഉറപ്പാക്കുമെന്ന് വ്യാഴാഴ്‌ച ബൊഗ്തുയി ഗ്രാമം സന്ദർശിച്ച പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.
Most Read: അതിജീവിതയ്‌ക്ക് ചലച്ചിത്രമേളയിൽ ലഭിച്ച കൈയ്യടി അൽഭുതപ്പെടുത്തി; ടി പത്‌മനാഭൻ