കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ബോഗ്‌തുയി ഗ്രാമത്തിൽ നടന്ന കൊലപാതകങ്ങളിൽ സിബിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നതായി മുഖ്യമന്ത്രി മമത ബാനർജി. “രാംപൂർഹട്ട് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഞാൻ ഇപ്പോഴും കരുതുന്നു,” മമതയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.
എന്നാൽ, അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയെ ഏൽപ്പിച്ചത് നല്ല തീരുമാനമാണെന്നും മമത അഭിപ്രായപ്പെട്ടു. ബിജെപിയുടെ ഇടപെടൽ അന്വേഷണത്തിൽ ഉണ്ടായാൽ പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പും മമത നൽകി.
കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ ബിജെപി സ്വാധീനിക്കുമെന്ന ആശങ്ക തൃണമൂൽ കോൺഗ്രസ് വക്‌താവ് കുനാൽ ഘോഷും ആവർത്തിച്ചു. “ന്യായമായതും നിഷ്‌പക്ഷവും വേഗത്തിലുള്ളതുമായ സിബിഐ അന്വേഷണത്തിൽ ഞങ്ങൾക്ക് കുഴപ്പമില്ല. എന്നാൽ, സ്വന്തം രാഷ്‌ട്രീയ താൽപര്യത്തിന് വേണ്ടി ബിജെപി കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് കഴിഞ്ഞ ഒന്ന്-രണ്ട് ദിവസങ്ങളിലായി ലഭിക്കുന്ന സൂചന. അത്തരം നീക്കങ്ങളെ ഞങ്ങൾ എതിർക്കുന്നു,” ഘോഷ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
മാർച്ച് 21ന് ബിർഭുമിലെ ബോഗ്തുയി ഗ്രാമത്തിൽ അക്രമികൾ 10 വീടുകൾ കത്തിച്ചതിനെ തുടർന്ന് സ്‌ത്രീകളും കുട്ടികളുമടക്കം എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെയാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്.
സംഭവം സംസ്‌ഥാനത്തുടനീളം വൻ രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ചു. കേസ് അന്വേഷിക്കാൻ സംസ്‌ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) രൂപം നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ സ്വമേധയാ കേസെടുത്ത കൊൽക്കത്ത ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിച്ച് വെള്ളിയാഴ്‌ച ഉത്തരവിടുകയായിരുന്നു.
Most Read: രാജ്യത്ത് കോവിഡ് ഭീതി അകലുന്നു; രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്