ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള ബിഎസ് യെദിയൂരപ്പയുടെ രാജിക്ക് പിന്നാലെ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. യെദിയൂരപ്പയുടെ നാടായ ശിക്കാരിപുരയിലെ ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ഏഴ് തവണയും ശിക്കാരിപുരയില്‍ നിന്നാണ് യെദിയൂരപ്പ ജയിച്ചിട്ടുള്ളത്. യെദിയൂരപ്പയുടെ തീരുമാനത്തിന് കാരണക്കാരായ ബിജെപി നേതാക്കളെ പ്രവര്‍ത്തകര്‍ രൂക്ഷമായി വിമര്‍ശിച്ചു. യെദിയൂരപ്പക്ക് പിന്തുണ പ്രഖ്യാപിച്ച് ബിസിനസുകാരും കടയുടമകളും തങ്ങളുടെ സ്ഥാപനങ്ങൾ അടച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.
ഏറെ വികാരാധീനനായാണ് ബിഎസ് യെദിയൂരപ്പ തന്റെ രാജി പ്രഖ്യാപിച്ചത്. തന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് യെദിയൂരപ്പ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. കർണാടക നേതൃസ്ഥാനത്ത് നിന്നും യെദിയൂരപ്പയെ മാറ്റാൻ കേന്ദ്രനേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം സ്വയം രാജിവെച്ച് ഒഴിഞ്ഞത്.
”രാജി വെയ്ക്കാന്‍ ആരും എന്നിൽ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച ശേഷം മറ്റൊരാള്‍ക്ക് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനായി ഞാന്‍ സ്വയം പിൻവാങ്ങി. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കും”- എന്നായിരുന്നു യെദിയൂരപ്പയുടെ പ്രസ്താവന. 75 വയസിനു മേലെ പ്രായമായിട്ടും മുഖ്യമന്ത്രിയായി ഭരിക്കാൻ അവസരം തന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജെപി നഡ്ഡയ്ക്കും നന്ദി പറയുന്നതായും യെദിയൂരപ്പ പറഞ്ഞിരുന്നു.
2019 ജൂലൈയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി, അധികാരമേറ്റ യെദിയൂരപ്പക്ക് ഇത്തവണയും കാലാവധി തികക്കാൻ കഴിഞ്ഞില്ല. ഇത്തവണ രണ്ട് വര്‍ഷമാണ് യെദിയൂരപ്പ മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്.
Most Read: പോലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കും; മുഖ്യമന്ത്രി







































