തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മൽസരിക്കും; മഞ്ചേശ്വരത്തും കോന്നിയിലുമാണ് അദ്ദേഹം ജനവിധി തേടുക. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരൻ കളത്തിലിറങ്ങും. പാലക്കാട് സീറ്റിൽ മെട്രോമാൻ ഇ ശ്രീധരൻ തന്നെയാണ് സ്‌ഥാനാർഥി.
ഡെൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുതിർന്ന ബിജെപി നേതാവ് അരുൺ സിംഗാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്‌ഥാനങ്ങളിലെ സ്‌ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിച്ചു.
പികെ കൃഷ്‌ണദാസ് കാട്ടാക്കടയിൽ ജനവിധി തേടും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് ബിജെപി മുതിർന്ന നേതാവ് സികെ പത്‌മനാഭൻ ആണ് മൽസരിക്കുന്നത്. സുരേഷ് ഗോപി തൃശൂരിലും അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ജനവിധി തേടും. മുൻ കോഴിക്കോട് സർവകലാശാല വിസി അബ്‌ദുൾ സലാമാണ് തിരൂരിൽ ബിജെപി സ്‌ഥാനാർഥി. മാനന്തവാടിയിൽ മണിക്കുട്ടനാവും മൽസരിക്കുക. നടൻ കൃഷ്‌ണകുമാർ തിരുവനന്തപുരം സെൻട്രലിലും മുന്‍ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും മൽസരിക്കും.
കേരളത്തിൽ 115 സീറ്റുകളിലാണ് ബിജെപി ഇത്തവണ ജനവിധി തേടുന്നത്. ബാക്കി 25 സീറ്റുകൾ ഘടകക്ഷികൾക്ക് വിട്ടു കൊടുക്കും. 12 സീറ്റുകളിലെ സ്‌ഥാനാർഥികളെ മാത്രമാണ് ഇന്ന് ഡെൽഹിയിൽ നിന്നും പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും കോഴിക്കോട് നോർത്തിൽ എംടി രമേശും തിരുവനന്തപുരം വട്ടിയൂർക്കാവിൽ വിവി രാജേഷും പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
നിലവില്‍ പ്രഖ്യാപിച്ച പ്രമുഖരുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റേയും വി മുരളീധരന്റേയും പേരില്ല എന്നതും ശ്രദ്ധേയമാണ്. സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന കഴക്കൂട്ടത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച നേതാവ് മൽസരിക്കും എന്നാണ് നേരത്തെ ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇവിടെ ബിജെപിയില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: ഫിറോസ് കുന്നംപറമ്പിലിന് എതിരെ മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധം