തിരുവനന്തപുരം: പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ബിജെപി നേതൃയോഗം മറ്റന്നാൾ ചേരും. എറണാകുളത്താണ് യോഗം. പാലക്കാട്ടെ തോൽവിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുന്ന പശ്‌ചാത്തലത്തിൽ നേതൃമാറ്റം വീണ്ടും ചർച്ചയായേക്കും.
പ്രസിഡണ്ട് സ്‌ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കുന്ന സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. പാലക്കാട് നഗരസഭയിൽ ഭരണമുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്തിന്റെ കാരണങ്ങളാണ് പ്രധാനമായും യോഗം ചർച്ച ചെയ്യുക. ബിജെപിക്ക് കരുത്തായി കൂടെ നിൽക്കുന്ന പാലക്കാട് നഗരസഭയിലെ വോട്ട് ചോർന്നതാണ് പാർട്ടി ഏറെ ഗൗരവകരമായി എടുക്കുന്നത്.
നഗരസഭയിൽ യുഡിഎഫിനാണ് ഭൂരിപക്ഷം ലഭിച്ചത്. 52ൽ 28 വാർഡിൽ ജയിച്ച് ബിജെപി ഭരിക്കുന്ന നഗരസഭയിൽ രാഹുൽ മാങ്കൂട്ടത്തിൽ 4590 വോട്ടിന്റെ ലീഡ് നേടി. അതിനിടെ, പാലക്കാട്ടെ സ്‌ഥാനാർഥി നിർണയം ഏകപക്ഷീയമായിരുന്നുവെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. പാർട്ടിയിലെ പടലപ്പിണക്കങ്ങളാണ് വോട്ട് ചോർത്തിയതെന്നാണ് പ്രധാന വിമർശനം.
അതേസമയം, ശോഭാ സുരേന്ദ്രനെ സ്‌ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതാണ് തിരിച്ചടിയായതെന്ന് കരുതുന്നവരുണ്ട്. അടുത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് വർധിപ്പിച്ച ശോഭാ സുരേന്ദ്രൻ സ്‌ഥാനാർഥിയാകുമെന്ന് പലരും കരുതിയെങ്കിലും സി കൃഷ്‌ണകുമാറിന്റെ പേരാണ് സംസ്‌ഥാന നേതൃത്വം മുന്നോട്ടുവെച്ചത്. കേന്ദ്ര നേതൃത്വവും ഇത് അംഗീകരിച്ചു.
എന്നാൽ, ബിജെപിയിലെ കടുത്ത വിഭാഗീയതയും സ്‌ഥിരം സ്‌ഥാനാർഥിയെന്ന പ്രചാരണവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. കെ സുരേന്ദ്രൻ പാലക്കാട് തങ്ങി പ്രചാരണത്തിന് നേതൃത്വം നൽകി. പ്രചാരണം നയിച്ചതെല്ലാം സുരേന്ദ്രനൊപ്പമുള്ള നേതാക്കളാണ്. മറ്റു നേതാക്കളെ പാർട്ടി ആശ്രയിച്ചില്ല. ശോഭാ സുരേന്ദ്രനും ആദ്യഘട്ടങ്ങളിൽ പ്രചാരണത്തിന് എത്തിയിരുന്നില്ല.
Most Read| കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി