ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് അനധികൃതമായി വിസ നല്കാന് 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ അടുത്ത കൂട്ടാളി അറസ്റ്റിൽ. ഭാസ്കർ രാമൻ എന്നയാളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലർച്ചെയോടെയാണ് ചെന്നൈയിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
ട്രാൻസിറ്റ് റിമാൻഡ് നേടിയ ശേഷം ഇയാളെ ഡെൽഹിയിലേക്ക് കൊണ്ടുവരും. പഞ്ചാബിലെ താപവൈദ്യുതി നിലയത്തിൽ ജോലിചെയ്യാനായി ചട്ടം മറികടന്ന് ചൈനീസ് പൗരൻമാർക്ക് പ്രോജക്ട് വിസ അനുവദിക്കുന്നതിന് കമ്പനി അധികൃതരിൽ നിന്ന് അൻപത് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടത് ഭാസ്കർ രാമനാണെന്നാണ് സിബിഐയുടെ ആരോപണം.
കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെയും പിതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ വീടുകളിലും ഓഫിസുകളിലും ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഡെൽഹി, മുംബൈ, ചെന്നൈ തുടങ്ങി ഏഴിടങ്ങളിലാണ് റെയ്ഡ് നടന്നത്. പി ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചത് ഉൾപ്പടെ നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
Most Read: കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി; പുതിയ പരീക്ഷണത്തിന് തുടക്കം








































