ലണ്ടൻ: റഷ്യയുടെ സ്വകാര്യ വിമാനങ്ങൾ നിരോധിച്ച് ബ്രിട്ടൺ. ഒരു റഷ്യൻ സ്വകാര്യ ജെറ്റിനും യുകെ വ്യോമാതിർത്തിയിൽ പറക്കാനോ താഴെയിറങ്ങാനോ കഴിയില്ലെന്ന് ബ്രിട്ടീഷ് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു.
‘പുടിന്റെ നടപടികൾ നിയമവിരുദ്ധമാണ്, യുക്രൈനിലെ റഷ്യയുടെ ആക്രമണത്തിൽ നിന്ന് പ്രയോജനം ലഭിക്കുന്ന ഒന്നിനെയും ഇവിടെ സ്വാഗതം ചെയ്യില്ല. റഷ്യൻ സ്വകാര്യ വിമാനങ്ങൾക്കുള്ള വിലക്ക് ഉടൻ പ്രാബല്യത്തിൽ വരും’; ഷാപ്‌സ് ട്വീറ്റ് ചെയ്‌തു.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ പതാകവാഹിനിയായ എയ്‌റോഫ്‌ളോട്ടിന്റെ വിമാനങ്ങൾക്ക് ലണ്ടൻ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന്, ഇതിന് മറുപടിയായി ബ്രിട്ടീഷ് വിമാനങ്ങൾ റഷ്യൻ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിനും വ്യോമാതിർത്തി കടക്കുന്നതിനും പുടിൻ വിലക്കേർപ്പെടുത്തുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ നീക്കം.
റഷ്യൻ എയർലൈനുകൾ നിരോധിക്കുമെന്ന് പോളണ്ടും ചെക്ക് റിപ്പബ്ളിക്കും അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രൈൻ തലസ്‌ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യ ആക്രമണം ശക്‌തമാക്കിയിരിക്കുകയാണ്. തീരനഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു. കീവിൽ സൈന്യത്തോടൊപ്പം താൻ നിലയുറപ്പിച്ചിട്ടുണ്ടെന്നും പ്രതിരോധം തുടരുമെന്നും യുക്രൈൻ പ്രസിഡണ്ട് വൊളിഡിമിർ സെലൻസ്‌കി അറിയിച്ചു.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം








































