ന്യൂഡെൽഹി: ഹരിയാനയിലെ സ്വകാര്യ സ്‌കൂളിൽ ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ കുട്ടികൾക്ക് ക്രൂര മർദ്ദനം. ഹരിയാനയിലെ പാനിപത്തിലെ ജാട്ടൽ റോഡിലുള്ള സ്‌കൂളിലാണ് സംഭവം. കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായതോടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനും സ്‌റ്റാഫിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ളാസ് വിദ്യാർഥിയെ ജനൽക്കമ്പിയിൽ തലകീഴായി കെട്ടിയിട്ട് സ്‌കൂൾ ബസ് ഡ്രൈവറെ കൊണ്ട് മർദ്ദിക്കുന്ന വീഡിയോയാണ് ഒന്ന്. അടുത്തിടെയാണ് തന്റെ മകനെ ഈ സ്‌കൂളിൽ ചേർത്തതെന്ന് മർദ്ദനത്തിന് ഇരയായ കുട്ടിയുടെ മാതാവ് പറഞ്ഞു.
സംഭവത്തിൽ പ്രിൻസിപ്പൽ റീനയും സ്‌കൂൾ ബസ് ഡ്രൈവർ അജയ്‌യും കുറ്റക്കാരാണെന്ന് മാതാവ് പറഞ്ഞു. രണ്ടാം ക്ളാസുകാരനെ മർദ്ദിച്ച അജയ്, ഇതിന്റെ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്‌തു. വീഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്‌തതോടെ കുട്ടിയുടെ വീട്ടുകാരും ഇത് കാണുകയായിരുന്നു.
സഹപാഠികളുടെ മുന്നിൽവെച്ച് കുട്ടികളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മറ്റൊരു വീഡിയോയിൽ ഉള്ളത്. കുട്ടികൾ രണ്ട് സഹോദരിമാരോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിന് മുൻപ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് റീന പറഞ്ഞു. എന്നാൽ, റീനയ്‌ക്കെതിരെ ഒട്ടേറെ പരാതികളുണ്ടെന്ന് കുട്ടികളുടെ മാതാപിതാക്കൾ പറയുന്നു.
മാതാപിതാക്കളുടെ പരാതിയിൽ പ്രിൻസിപ്പൽ റീനയ്‌ക്കും ഡ്രൈവർ അജയ്‌ക്കുമെതിരെ പോലീസ് കേസെടുത്തു. ചോദ്യം ചെയ്യലിൽ ഓഗസ്‌റ്റ് 13നാണ് ബസ് ഡ്രൈവറെ കൊണ്ട് വിദ്യാർഥിയെ തല്ലിച്ചതെന്നും എന്നാൽ കൂടുതൽ പരാതികൾ വന്നതോടെ അയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി