കോഴിക്കോട്: ഒമ്പതാം ക്ളാസ് വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകന് സസ്‌പെൻഷൻ. മേപ്പയ്യൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം ഗണിത അധ്യാപകൻ കെസി അനീഷിനെയാണ് അന്വേഷണ വിധേയമായി 14 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്.
മർദ്ദനമേറ്റ വിദ്യാർഥിയുടെ രക്ഷിതാവ് നൽകിയ പരാതിയിലാണ് നടപടി. ചൊവ്വാഴ്‌ച ക്ളാസ് മുറിയിൽ വെച്ച് വിദ്യാർഥിയെ മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനത്തെ തുടർന്ന് വിദ്യാർഥിയുടെ തോളെല്ലിന് പരിക്കുണ്ടെന്നും ചികിൽസയിലാണെന്നും രക്ഷിതാവും പ്രധാന അധ്യാപകരും പോലീസിനെ അറിയിച്ചിരുന്നു.
വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിലും അധ്യാപകൻ വിദ്യാർഥിയെ മർദ്ദിച്ചതായി സ്‌ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്യുന്നതെന്ന് ഡിഡിഇ ഉത്തരവിൽ വ്യക്‌തമാക്കി.
ക്ളാസ് നടക്കുന്നതിനിടെ സഹപാഠിയോട് സംസാരിച്ചതിനാണ് കുട്ടിയെ അടിച്ചതെന്ന് പിതാവ് പറഞ്ഞു. കൈകൊണ്ട് തോളെല്ലിന് അടിക്കുകയും കൈ മടക്കി ഇടിക്കുകയും ചെയ്‌തുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് സഹപാഠികളാണ് വിവരം ക്ളാസ് അധ്യാപികയെ ഉൾപ്പടെ അറിയിച്ചത്.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്