ന്യൂഡെൽഹി: അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള വികസന പദ്ധതികളുടെ ബ്ളൂ പ്രിന്റാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്ന കേന്ദ്ര ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി പിഎം ഗതി ശക്തി മാസ്റ്റർ പ്ളാൻ ധനമന്ത്രി പ്രഖ്യാപിച്ചു.
14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉൽപാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മിക്കും. എല്‍ഐസി ഐപിഒ ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
ഗതാഗത രംഗത്ത് അതിവേഗ വികസനം കൊണ്ടുവരും. 400 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കും. റെയില്‍വേ ചരക്കു നീക്കത്തില്‍ പദ്ധതി നടപ്പാക്കും. മലയോര ഗതാഗതത്തിന് ‘പര്‍വത് മാലാ’ പദ്ധതി നടപ്പാക്കും. ദേശീയ പാതകള്‍ 25,000 കി.മീ ആക്കി ഉയര്‍ത്തും. നദീസംയോജനത്തിന് പദ്ധതി രേഖ തയ്യാറാക്കും.
ചെറുകിട മേഖലക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നല്‍കും. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ 1.37 ലക്ഷം കോടി മാറ്റിവെക്കും. ഡിജിറ്റല്‍ അധ്യയനത്തിന് പിഎംഇ വിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഉടന്‍ രൂപീകരിക്കും. പ്രാദേശിക ഭാഷകളില്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ചാനല്‍ തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
Most Read: പരേതനായ പിതാവിന്റെ കടം വീട്ടണം; ആളെ കണ്ടെത്താൻ പത്രത്തിൽ പരസ്യം നൽകി മക്കൾ