കണ്ണൂർ: കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കായംകുളം സ്വദേശി അഞ്‌ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്.
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ അപകടത്തിൽപ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഒമ്പത് പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് നിഗമനം. മുൻവശത്ത് ഇരുന്ന രണ്ടുപേരാണ് മരിച്ചത്. നാടക സംഘത്തിന് വഴിതെറ്റിയാണ് ഈ റോഡിലൂടെ സഞ്ചരിച്ചത്. മരത്തിൽ തട്ടിയാണ് ബസ് നിന്നത്.
കായംകുളം ,ഉമേഷ്, സുരേഷ്, ഷിബു എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ളത്.
Most Read| കേരളത്തിന് തിരിച്ചടി; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം








































