തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ ക്യാംപയിൻ. കേരളാ സര്‍ക്കാര്‍ നല്കുന്ന സൗജന്യ കോവിഡ് വാക്സിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ടാണ് ക്യാംപയിൻ തുടങ്ങിയിരിക്കുന്നത്.
നിരവധി പേരാണ് ഇതിനോടകം ക്യാംപയിനിന്റെ ഭാഗമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ‘വാക്സിൻ ചലഞ്ച്’ എന്ന ഹാഷ് ടാഗ് വൈറലാവുകയും ചെയ്തു. ക്യാംപയിൻ ആരംഭിക്കുന്നതിന് മുമ്പ് ഒരു ലക്ഷം രൂപയ്ക്കടുത്തായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിരുന്നത്. എന്നാൽ ക്യാംപയിൻ തുടങ്ങിയതിന് ശേഷം 7.28 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ വാക്സിന് നയം പുറത്തുവന്നത്. മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്സിന് നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് നിര്‍മാതാക്കളില്‍ നിന്ന് വാക്സിൻ വാങ്ങണം.
നിലവില്‍ സര്‍ക്കാര്‍ നല്കുന്ന വാക്സിന് കുത്തിവെക്കാൻ 250 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്സിന് വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയരാൻ സാധ്യതയുണ്ട്.
ഇതിനിടെ, കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇൻസ്റ്റിറ്റ്യൂട്ട് കുത്തനെ ഉയർത്തുകയും ചെയ്തു. കേന്ദ്ര സർക്കാരിന് 150 രൂപക്ക് കൊടുക്കുന്ന കോവിഷീല്‍ഡ്, സംസ്ഥാന സർക്കാരുകൾക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കും നൽകാനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം. ഇതോടെ സംസ്ഥാന സർക്കാരുകൾ ഇരട്ടിയിലധികം വില നൽകി വാക്സിൻ വാങ്ങേണ്ടേ അവസ്ഥയായി.
എന്നാൽ, ഇതിന് ശേഷവും സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആവർത്തിച്ചു. “ഇവിടെ വാക്സിൻ സൗജന്യമായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇടക്കിടയ്ക്ക് വാക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല,”- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന് പിന്തുണയുമായി ക്യാംപയിൻ ആരംഭിച്ചത്.
Also Read: കോവിഡ് വാക്സിൻ; 18 വയസ് കഴിഞ്ഞവർക്ക് രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ