ഭുബനേശ്വര്‍: ഒഡിഷയില്‍ ജനക്കൂട്ടത്തിന് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി ബിജെഡി എംഎല്‍എ. സംഭവത്തില്‍ പോലീസുകാർ അടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു. ചിലിക്ക എംഎല്‍എയും ബിജെഡി നേതാവുമായ പ്രശാന്ത കുമാര്‍ ജഗ്ദേവ് ആണ് തന്റെ ആഡംബര കാര്‍ ജനക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റിയത്.
പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് സംഭവം. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. പഞ്ചായത്ത് സമിതി ചെയര്മാന് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. തന്റെ വഴി തടയാന്‍ ശ്രമിച്ചാല്‍ വാഹനം കൊണ്ട് ഇടിക്കുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
തിരക്കായതിനാല്‍ കാറില്‍ പോകരുതെന്ന് നാട്ടുകാര്‍ എംഎല്‍എയോട് പറഞ്ഞിരുന്നു. എന്നാല്‍ എംഎല്‍എ ബോധപൂര്‍വം തന്റെ കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുക ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഏഴ് പോലീസുകാർക്കും പരിക്കേറ്റു. ഇതിൽ മൂന്ന് പേര് ഗുരുതരാവസ്ഥയിലാണ്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് സെന്‍ട്രല്‍ റേഞ്ച് ഐജി നരസിംഗ ഭോല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. വാഹനം തടയാന്‍ ശ്രമിച്ച ബാനപൂര്‍ പോലീസ് സ്റ്റേഷന് ഇൻസ്പെക്ടർ ഇന്‍ ചാര്‍ജ് രശ്മി രഞ്ജന്‍ സാഹുവിനും പരിക്കേറ്റു. ഇതേത്തുടർന്ന് രോഷാകുലരായ നാട്ടുകാര്‍ എംഎല്‍എയെ ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ പോലീസുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
എംഎല്‍എ കസ്റ്റഡിയിലാണെന്നും കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. എംഎല്‍എയുടെ അക്രമത്തിന് പിന്നാലെ ബിജെഡിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജത്നി എംഎല്‍എയുമായ സുരേഷ് കുമാര്‍ റൗത്രയ് പ്രതികരിച്ചു.
കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി നേതാവിനെ മര്‍ദ്ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജഗ്ദേവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജഗ്ദേവിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പാര്‍ട്ടി വക്താവ് സസ്മിത് പത്ര അറിയിച്ചു.
Most Read: നയതന്ത്ര ഇടപെടൽ ആവശ്യം; നിമിഷ പ്രിയക്ക് വേണ്ടി ഡെൽഹി ഹൈക്കോടതിയിൽ ഹരജി







































