പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതി നാസറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തീരുമാനം. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സിപിഎം കാൻഡിഡേറ്റ് അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമാണ് നാസർ. സംഭവത്തിൽ പാർട്ടിതല അന്വേഷണം നടത്താനും സിപിഎം തീരുമാനിച്ചു. തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിമോൻ ആണ് കേസിലെ മുഖ്യപ്രതി. ഇയാൾക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല.
ഒരു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ വെച്ച് യുവതിക്ക് ജ്യൂസ് നൽകി മയക്കി പീഡനത്തിന് ഇരയാക്കിയ ശേഷം നഗ്നചിത്രങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് യുവതിയെ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പ്രതികൾ രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ സജിമോൻ, നാസർ എന്നിവർ ഉൾപ്പടെ 12 പേർക്കെതിരെയാണ് പോലീസ് കേസ്.
ഇതിൽ പത്തുപേർ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരാണ്. തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും അഭിഭാഷകനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരിൽ ഉൾപ്പെടുന്നു. മുൻപ് വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും സജിമോൻ പ്രതിയാണ്.
സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ സിപിഎം തിരുവല്ല ഏരിയ കമ്മിറ്റിയുടെ നിലപാട്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഇരയായ യുവതിയെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു എന്നും വിഷയത്തിൽ തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി നേരത്തെ പ്രതികരിച്ചിരുന്നു.
Also Read: സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; എസ്പി ആർ നിശാന്തിനി








































