ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഒരു കക്ഷിയെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഫ്രാന്‍സെസ ബോര്‍ഡിയര്‍ എന്ന യുവതി തന്റെ ബിരുദദാന ചടങ്ങിൽ ഒപ്പം കൂട്ടിയതാണ് അവളുടെ വളർത്തുപൂച്ചയായ സുകിയെ. കാരണം, ഫ്രാന്‍സെസ തന്റെ ഓൺലൈൻ ക്ളാസ് അറ്റൻഡ് ചെയ്യുമ്പോൾ എല്ലാ ദിവസവും മുടങ്ങാതെ സുകിയും ക്ളാസ് ശ്രദ്ധിക്കുമായിരുന്നത്രേ.
ദിവസവും അവള് സൂം ക്ളാസുകളില്‍ പങ്കെടുക്കുമ്പോള്‍ അവളുടെ അടുത്ത് സുകിയും ഇരിപ്പുണ്ടാകും. ക്ളാസുകള്‍ തീരുന്നത് വരെ സുകി അതും നോക്കി ഇരിക്കും. ഒരു ക്ളാസ് പോലും മുടങ്ങാതെ പങ്കെടുക്കുന്ന അര്‍പ്പണബോധമുള്ള ഒരു വിദ്യാർഥിയായിരുന്നു സുകിയെന്ന് ഫ്രാന്‍സെസ ഓര്‍ക്കുന്നു. സുകിയുടെ ഈ താൽപര്യം കണ്ടാണ് ഫ്രാന്സെസക്ക് ബിരുദം ലഭിച്ചപ്പോള്‍, അവളെ കൂടി പരിഗണിച്ചത്.
ബിരുദ ദാന ചടങ്ങില്‍ ധരിക്കുന്ന മഞ്ഞ ഗൗണും, കറുത്ത തൊപ്പിയും ധരിച്ച് ഗമയില്‍ ഇരിക്കുന്ന സുകിയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സുകിക്ക് സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചോ എന്നതാണ് ചിലരുടെ സംശയം. എന്നാൽ, സുകിക്ക് താൻ നൽകിയ അംഗീകാരമാണ് ഇതെന്നും അവൾക്ക് ബിരുദ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ഫ്രാൻസെസ വ്യക്തമാക്കി. ‘അതെ, എന്റെ പൂച്ച ഞാന്‍ നടത്തിയ എല്ലാ സൂം ക്ളാസിലും പങ്കെടുത്തിരുന്നു. അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടുന്നതായിരിക്കും’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് സുകിയുമായുള്ള ചിത്രം അവൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
സുകിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതൽപം അതിരുവിട്ട സ്നേഹമല്ലേ എന്നും ആളുകൾ ചോദിക്കുന്നുണ്ട്. എന്നാൽ, ഉപഭോക്താക്കള്‍ക്കും അവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്കും മാച്ച് ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഒരു തുണി കടയുടെ ഉടമസ്ഥ കൂടിയായ ഫ്രാൻസെസ ഇതൊക്കെ എന്ത് എന്ന മട്ടിൽ ഇത്തരം വിമർശനങ്ങളെ തള്ളിക്കളയുകയാണ് ചെയ്യുന്നത്.
Most Read: അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്ത് 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ








































