വിമാനത്തിന് പണമില്ല, സ്വയം പെട്ടിയിൽ കയറി യുവാവിന്റെ ‘പാഴ്‌സൽ’ യാത്ര; അതിസാഹസികം

By Team Member, Malabar News
The Young Mans Parcel Journey In Flight

കൗമാരപ്രായത്തിൽ വെയിൽസിൽ നിന്നും ഓസ്‌ട്രേലിയയിൽ എത്തിയത് ബ്രയാൻ റോബ്‌സണ് ഒരിക്കലും മറക്കാനാകില്ല. ഓസ്‌ട്രേലിയ തനിക്ക് പറ്റിയ ഇടമല്ലെന്ന് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ ബ്രയാൻ തിരികെ പോകാനുള്ള വഴികൾ തേടി. എന്നാൽ, തിരിച്ചുപോകാനുള്ള തുക 19കാരനായ ബ്രയാന്റെ പക്കൽ ഉണ്ടായിരുന്നില്ല. ഒടുവിൽ നാട്ടിലെത്താൻ ബ്രയാൻ കണ്ടെത്തിയ മാർഗത്തിന് അവന്റെ ജീവന്റെ വിലയുണ്ടായിരുന്നു.

1964ലാണ് സംഭവം. ആറ് മാസം ജോലി ചെയ്‌ത ശമ്പളം മുഴുവൻ ചേർത്ത് വെച്ചിട്ടും വെയിൽസിലേക്കുള്ള വിമാനയാത്രക്ക് തികഞ്ഞില്ല. അങ്ങനെയിരിക്കുമ്പോഴാണ് ബ്രയാൻ സുഹൃത്തുക്കളായ ജോണിനെയും പോളിനെയും കാണുന്നത്. മൂവരും ഒരു ദിവസം ട്രേഡ് എക്‌സിബിഷന്‍ കാണാൻ പോയി. അവിടെ ‘പിക്‌ഫ്രോഡ്‌സ്‌’ എന്നൊരു കമ്പനിയുടെ സ്‌റ്റാളും ഉണ്ടായിരുന്നു. യുകെ കേന്ദ്രീകരിച്ചുള്ള ഈ കമ്പനി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാഴ്‌സൽ സർവീസ് നടത്തുന്ന കമ്പനിയായിരുന്നു.

‘ഒരു പക്ഷേ ഇവർ ആളുകളെയും കടത്തുമായിരിക്കും’ തമാശ രൂപേനെ ബ്രയാൻ സുഹൃത്തുക്കളോട് പറഞ്ഞ് ചിരിച്ചു. എന്നാൽ,കുറച്ച് നേരം കഴിഞ്ഞപ്പോൾ സംഗതി കാര്യമായി. എന്തുകൊണ്ട് ആ വഴിക്കൊന്ന് ചിന്തിച്ചുകൂടാ. പിറ്റേന്ന് രാവിലെ തന്നെ മെല്‍ബോണിലുള്ള ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍ ഖന്താസിന്റെ ഓഫിസിൽ എത്തി എത്ര വലിപ്പം വരെയുള്ള പാഴ്‌സലുകളാണ് അയക്കാനാവുന്നത്, എത്ര രൂപയാവും തുടങ്ങി എല്ലാ കാര്യങ്ങളും ബ്രയാൻ അന്വേഷിച്ച് മനസിലാക്കി.

തിരികെ ഹോസ്‌റ്റലിലെത്തി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പദ്ധതി ആസൂത്രണം ചെയ്യാൻ തുടങ്ങി. മൂന്ന് ദിവസത്തെ ചർച്ചകൾക്ക് ശേഷം സുഹൃത്തുക്കളും ബ്രയാനൊപ്പം നിൽക്കാൻ തയ്യാറായി. അങ്ങനെ 30 x 26 x 38 ഇഞ്ചുള്ള ഒരു ബോക്‌സ്‌ വാങ്ങി. ബ്രയാനും സ്യൂട്ട്കേസിനും ബോക്‌സിനുളിൽ വേണ്ടത്ര സ്‌ഥലമുണ്ടെന്ന് ഉറപ്പിച്ചിരുന്നു. ഒരു തലയണ, ഒരു ടോര്‍ച്ച്, ഒരു കുപ്പി വെള്ളം, മൂത്രമൊഴിക്കാനുള്ള ഒരു കുപ്പി എന്നിവയും കയ്യിൽ കരുതിയിരുന്നു. രണ്ടുമൂന്ന് തവണ പരീക്ഷണം നടത്തിയ ശേഷമാണ് ബ്രയാൻ പാഴ്‌സലായത്.

ആദ്യവിമാനം മെല്‍ബോണില്‍ നിന്നും സിഡ്‌നിയിലേക്കായിരുന്നു. 90 മിനിറ്റ് യാത്ര. വിമാനത്തിലേക്ക് പെട്ടിയെടുത്ത് വെച്ചപ്പോൾ തന്നെ ബ്രയാന്‍റെ കാലുകള്‍ കോച്ചിവലിച്ചു തുടങ്ങി. വല്ലാത്ത വേദന തോന്നി. അപ്പോഴാണ് ഓക്‌സിജനെ കുറിച്ച് ആദ്യമായി അവന്‍ ചിന്തിക്കുന്നത്. വളരെ കുറച്ച് ഓക്‌സിജൻ മാത്രമേ അതിനകത്ത് കിട്ടുന്നുണ്ടായിരുന്നുള്ളൂ. എന്നാല്‍, സിഡ്‌നി എത്തിയതോടെ കാര്യം പിന്നെയും മോശമായി. പെട്ടിവച്ചത് തല തിരിച്ച്. അതോടെ ബ്രയാന്റെ കാല്‍ മുകളിലും തല താഴെയും എന്ന അവസ്‌ഥയായി. 22 മണിക്കൂറാണ് അങ്ങനെ കിടന്നത്.

പിന്നീട്, ബുക്ക് ചെയ്‌ത വിമാനം ഫുള്ളായതിനാല്‍ അവിടെനിന്നും മറ്റൊരു വിമാനത്തിലാണ് ബോക്‌സ്‌ കയറ്റിയത്. അതോടെ യാത്രാസമയം പിന്നെയും കൂടി. അഞ്ച് ദിവസമായിരുന്നു ആ യാത്ര. വേദന സഹിക്കാനാവാത്തതായി, പലപ്പോഴും ബോധം പോയി. രാത്രികളില്‍ ബ്രയാന് അടക്കാനാവാത്ത ഭയമായി. യാഥാർഥ്യമെന്ത് തന്റെ ചിന്തകളെന്താണ് എന്നതൊക്കെ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്‌ഥ. തന്നെ അവര്‍ വിമാനത്തില്‍ നിന്നും വലിച്ചെറിയുമോ എന്നെല്ലാം അവന് സംശയമുണ്ടായി. വേദനയും ആശയക്കുഴപ്പങ്ങളുമെല്ലാം ചേര്‍ന്ന് അവനെ കൊന്നുതിന്നു. ഒരുഘട്ടത്തില്‍ താന്‍ മരിക്കാന്‍ പോവുകയാണ് എന്നുപോലും അവന് തോന്നി.

ഒടുവിൽ ആ വിമാനം അതിന്‍റെ ലക്ഷ്യസ്‌ഥാനത്ത് എത്തി. അതോടെ അടുത്ത പദ്ധതിക്കനുസരിച്ച് നീങ്ങാനാരംഭിച്ചു ബ്രയാന്‍. രാത്രി വരെ കാത്തിരിക്കുക. ശേഷം ചുറ്റിക ഉപയോഗിച്ച് ബോക്‌സ്‌ തുറന്നശേഷം പുറത്തിറങ്ങുക ഇതായിരുന്നു പദ്ധതി. എന്നാല്‍, രണ്ട് എയര്‍പോര്‍ട്ട് ജോലിക്കാര്‍ അടുത്തേക്ക് വരുന്നത് ബ്രയാന്‍ കണ്ടു. ടോര്‍ച്ചിന്റെ വെളിച്ചം കണ്ടാണ് അവര്‍ അടുത്തെത്തിയത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ പെട്ടിക്കകത്ത് ഒരു മനുഷ്യനിരിക്കുന്നത് അവര്‍ കണ്ടു. അയ്യോ, പെട്ടിയിലൊരാള്‍ എന്ന് അയാള്‍ അലറിവിളിച്ചു. എന്നാല്‍, ബ്രയാന് തിരികെ എന്തെങ്കിലും മിണ്ടാനോ അനങ്ങാനോ പറ്റുന്ന അവസ്‌ഥ ആയിരുന്നില്ല. ജീവനക്കാര്‍ ഉടനെ തന്നെ സൂപ്പര്‍വൈസറെ വിളിച്ചു വന്നു. ബ്രയാന് ജീവനുണ്ട് എന്നും അപകടകാരിയല്ല എന്നും മനസിലായതോടെ അവര്‍ എത്രയും പെട്ടെന്ന് അവനെ ആശുപത്രിയിലെത്തിച്ചു.

ആറ് ദിവസമാണ് ആശുപത്രിയിൽ കിടന്നത്. അപ്പോഴേക്കും മാധ്യമങ്ങളും കഥയറിഞ്ഞ് എത്തിത്തുടങ്ങിയിരുന്നു. സാങ്കേതികമായി പറഞ്ഞാല്‍ ബ്രയാന്‍ നിയമവിരുദ്ധമായിട്ടാണ് യുഎസിൽ എത്തിയത്. എന്നാല്‍, അയാള്‍ക്കെതിരെ നിയമനടപടി ഒന്നും ഉണ്ടായില്ല. ലണ്ടനിലേക്ക് തിരികെ പോകാന്‍ അവനൊരു ഫസ്‌റ്റ് ക്‌ളാസ്‌ ടിക്കറ്റും അവര്‍ നല്‍കി. യുകെയിലെ ലണ്ടന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴേക്കും മാദ്ധ്യമങ്ങൾ പിന്നാലെ കൂടി. അത് 1965 മെയ് മാസത്തിലായിരുന്നു. കുടുംബത്തിന് സന്തോഷമായി. എന്നാല്‍,

അവന്റെ പ്രവർത്തിയിൽ അവര്‍ക്ക് ദേഷ്യം വന്നിരുന്നു. വെയില്‍സില്‍ കുടുംബത്തോടൊപ്പം ചേര്‍ന്നപ്പോള്‍ ഉണ്ടായ അനുഭവങ്ങളെല്ലാം മറക്കാന്‍ അവന്‍ ശ്രമിച്ചു.

പക്ഷേ, അപ്പോഴേക്കും മാദ്ധ്യമശ്രദ്ധ കിട്ടിയിരുന്ന ബ്രയാന്‍ എവിടെപ്പോയാലും തിരിച്ചറിയപ്പെടാന്‍ തുടങ്ങി. അതോടെ ആ കാലമെല്ലാം വീണ്ടും ഓര്‍മ്മ വരാനും. തിരികെ എത്തിയ ഉടനെ ജോണിനും പോളിനും ബ്രയാന്‍ എഴുതിയിരുന്നു. എന്നാല്‍, ആ കത്ത് അവിടെ എത്തിയിരുന്നോ എന്ന് അറിയില്ല. അന്ന് താന്‍ മരിച്ചിരുന്നു എങ്കില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുമായിരുന്നുവെന്ന ബോധം പിന്നീടാണ് ബ്രയാന് മനസിലാവുന്നത്. തന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന ‘ദ ക്രേറ്റ് എസ്കേപ്പ്’ എന്നൊരു പുസ്‌തകവും ബ്രയാന്‍ എഴുതിയിട്ടുണ്ട്.

Read also: കുതിര സവാരിയിൽ ഞെട്ടിച്ച് നാല് വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE