കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സഞ്‌ജയ് ഘോഷിനെ നുണപരിശോധനക്ക് വിധേയനാക്കാൻ സിബിഐ. സഞ്‌ജയ് ഘോഷിന്റെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും അതിനാൽ നുണപരിശോധന വേണ്ടിവരുമെന്നും സിബിഐ അറിയിച്ചു.
നുണപരിശോധന നടത്താൻ സിബിഐക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സഞ്‌ജയ് ഘോഷിനെ സിബിഐ ദിവസങ്ങളോളം ചോദ്യം ചെയ്‌തിരുന്നു. കൊലപാതകം വിവരം അറിഞ്ഞപ്പോൾ എന്തായിരുന്നു ഇയാളുടെ പ്രതികരണമെന്ന് ചോദ്യം ചെയ്യലിൽ സിബിഐ ചോദിച്ചുവെന്നാണ് വിവരം.
മൃതദേഹം കാണിക്കുന്നതിന് മുൻപ് മൂന്നുമണിക്കൂറോളം യുവതിയുടെ മാതാപിതാക്കളെ എന്തിന് കാത്തുനിർത്തി, കൊലപാതക വിവരം അറിഞ്ഞശേഷം ആദ്യം വിളിച്ചതാരെ, യുവതി മരിച്ചു കിടന്ന സെമിനാർ ഹാളിനടുത്ത് അറ്റകുറ്റപ്പണി നടത്താൻ അനുവാദം നൽകിയതാര് തുടങ്ങിയ ചോദ്യങ്ങളും സിബിഐ സഞ്‌ജയ് ഘോഷിനോദ് ചോദിച്ചു.
അതിനിടെ, സംഭവത്തിന് പിന്നാലെ ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദൗത്യസംഘത്തിന് സുപ്രീം കോടതിരൂപം നൽകി. നാവികസേനാ മെഡിക്കൽ വിഭാഗം മേധാവി സർജന്റ് വൈസ് അഡ്‌മിറൽ ഡോക്‌ടർ ആർ സരിന്റെ നേതൃത്വത്തിലാണ് സംഘം രൂപീകരിച്ചത്. ഡോക്‌ടർമാർക്കെതിരായ അക്രമം തടയാൻ കേരളത്തിലടക്കം നിയമം ഉണ്ടെങ്കിലും മെഡിക്കൽ രംഗത്തെ സുരക്ഷാ വീഴ്‌ച തടയാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കൊൽക്കത്ത സംഭവത്തിൽ വ്യാഴാഴ്‌ച തൽസ്‌ഥിതി അന്വേഷണ റിപ്പോർട് ഹാജരാക്കാൻ സിബിഐയോട് കോടതി നിർദ്ദേശിച്ചു. പശ്‌ചിമ ബംഗാളിൽ ഗുരുതരമായ ക്രമസമാധാന തകർച്ച ഉണ്ടായെന്ന് കേന്ദ്രം കോടതിയിൽ കുറ്റപ്പെടുത്തി.
കടുത്ത ആശങ്കയും ഞെട്ടലുമുണ്ടാക്കുന്ന സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് കൊൽക്കത്തയിലെ വനിതാ ഡോക്‌ടറുടെ ബലാൽസംഗ കൊലയിൽ സ്വമേധയാ എടുത്ത കേസ് കോടതി പരിഗണിച്ചത്. രാജ്യമൊട്ടാകെയുള്ള ആരോഗ്യ പ്രവർത്തകർ സുരക്ഷയിൽ വലിയ വെല്ലുവിളി നേരിടുന്നുവെന്ന് നിരീക്ഷിച്ചാണ് ദേശീയ തലത്തിൽ പത്തംഗ ദൗത്യ സംഘത്തിന് കോടതി രൂപം നൽകിയത്.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം