ന്യൂഡെല്‍ഹി: സിബിഎസ്ഇ 10, 12 ക്‌ളാസുകളിലെ പരീക്ഷ മെയ് 4 മുതല്‍ ജൂണ്‍ 10 വരെ നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ജൂലൈ 15ന് പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
പരീക്ഷകള്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചായിരിക്കും നടക്കുകയെന്ന് മന്ത്രി പറഞ്ഞു. ‘ഓരോ വിദ്യാര്‍ഥിയുടെയും സുരക്ഷക്കായി സിബിഎസ്ഇ വിവിധ നടപടികള്‍ സ്വീകരിക്കും. ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തിയ അതേ വൈദഗ്ധ്യത്തോടെ ബോര്‍ഡ് പരീക്ഷകള്‍ നടത്തും,’ പൊഖ്രിയാല്‍ പറഞ്ഞു.
പരീക്ഷയുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ഉണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 844-844-0632 ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ 2021 ഫെബ്രുവരിക്ക് മുമ്പ് നടക്കില്ലെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.
അതേസമയം കോവിഡ് സാഹചര്യത്തില്‍ സിബിഎസ്ഇ സിലബസ് 30 ശതമാനം കുറച്ചിട്ടുണ്ട്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ സിലബസ് പരിശോധിക്കാവുന്നതാണ്.
Read Also: മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ നാളെമുതല്‍ പൂര്‍ണമായും ഓണ്‍ലൈനാകുമെന്ന് ഗതാഗത മന്ത്രി






































