തൃശൂർ: നാട്ടിക സംവരണ മണ്ഡലത്തിൽ ഒന്നാമൂഴത്തിൽ വൻ വിജയം നേടിയിട്ടും പാർട്ടി പരിഗണിക്കാത്തതിന്റെ പരിഭവത്തിൽ മുതിർന്ന സിപിഐ നേതാവ് സിസി. മുകുന്ദൻ. ഒരുതവണ ജയിച്ചവർക്ക് രണ്ടാം ഊഴം നൽകുമെന്ന പാർട്ടിയുടെ മാനദണ്ഡം കാറ്റിൽ പറത്തിയായിരുന്നു മുകുന്ദനെ അവഗണിച്ചത്.
സിപിഐയിൽ തൃശൂർ ജില്ലയിൽ നിലനിൽക്കുന്ന ശക്‌തമായ ചേരിപ്പോരാണ് ഇതിന് കാരണമെന്ന് ആരോപണമുണ്ട്. രണ്ടുതവണ ഇതേ മണ്ഡലത്തിൽ മൽസരിച്ച് ജയിച്ച ഗീത ഗോപിക്കാണ് ഇത്തവണ മണ്ഡലം നൽകുന്നത്. ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് സ്വതന്ത്രനായി മൽസരിക്കാനുള്ള തീരുമാനത്തിലാണ് മുകുന്ദൻ.
നാട്ടികയിൽ പെയ്‌മെന്റ് സീറ്റെന്ന ആരോപണവും മുകുന്ദൻ ഉയർത്തി. മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ സ്‌ഥാനാർഥിയാക്കുന്നത് ശരിയല്ല. ഗീതയ്‌ക്ക് പണം പിരിച്ചുനൽകാനുള്ള കഴിവുണ്ട്. സിപിഐയിലെ വിഭാഗീയത കാരണമാണ് താൻ ഒഴിവാക്കപ്പെട്ടതെന്നും മുകുന്ദൻ ആരോപിച്ചു.
”സിപിഐ സ്‌ഥാനാർഥിയെ തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. ഒരുപാട് മോശം പേര് കേട്ട ശേഷമാണ് അവരെ കൊണ്ടുവരുന്നത്. കഴിഞ്ഞവർഷം അവരെ മാറ്റിയാണ് എന്നെ സ്‌ഥാനാർഥിയാക്കിയത്. കുറേ കഴിയുമ്പോൾ പറയാം. സാമ്പത്തിക ആരോപണങ്ങൾ ഉൾപ്പടെയുണ്ട്”- സിസി. മുകുന്ദൻ പറഞ്ഞു.
ഇതോടെ, സിപിഐ വിട്ട് മുകുന്ദൻ മണ്ഡലത്തിൽ മൽസരിക്കുമെന്ന് ഉറപ്പായി. രണ്ടു ദിവസത്തിനകം തൃശൂരിൽ വാർത്താ സമ്മേളനം വിളിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാണ് മുകുന്ദന്റെ നീക്കം. രണ്ടുതവണ നാട്ടിക എംഎൽഎയായിരുന്നു ഗീത ഗോപിനാഥ്. ഇവരെ മാറ്റി മുകുന്ദനെ സ്‌ഥാനാർഥിയാക്കാൻ ചരടുവലിച്ച നേതാക്കളാണ് ഇപ്പോൾ അവർക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി










































