ജയ്‌പൂർ: കേന്ദ്ര കാര്‍ഷിക നിയമത്തിന് എതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനൊരുങ്ങി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്‌ഥാന്‍ സര്‍ക്കാര്‍. ഇന്ന് ചേരുന്ന നിയമസഭാ സമ്മേളത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് ബിജെപി നേതാക്കള്‍ രംഗത്ത് വന്നതോടെ നിയമസഭയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയമോ അല്ലെങ്കില്‍ ബില്ലോ പാസാക്കാനാണ് രാജസ്‌ഥാന്‍ സര്‍ക്കാരിന്റെ ശ്രമമെന്ന് സൂചനകളുണ്ട്. ഒപ്പം കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാനുള്ള സാഹചര്യങ്ങളും ബില്ലിലൂടെ ഒരുക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. മിനിമം താങ്ങുവിലയില്‍ കുറച്ച് കര്‍ഷകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ ഏറ്റെടുക്കുന്നവർക്ക് ശിക്ഷ അടക്കം ഏര്‍പ്പെടുത്താനുള്ള ആലോചനകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്‌ഥാന്‍ സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. ബില്ലിനെതിരെ ശക്‌തമായി പ്രതിഷേധിക്കുമെന്നും ഇവര്‍ വ്യക്‌തമാക്കുന്നു.
എന്നാല്‍ കാര്‍ഷിക നിയമങ്ങളെ തുടക്കത്തിലേ എതിര്‍ത്ത ഗെഹ്‌ലോട്ട് അത് കര്‍ഷക വിരുദ്ധമാണെന്നും കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ മാത്രമുള്ളതാണെന്നും ആരോപിച്ചിരുന്നു.
Read Also: സിപിഎം കേന്ദ്ര കമ്മിറ്റി തുടരുന്നു; ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തില്‍ തീരുമാനം ഇന്ന്






































