ന്യൂഡെൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമ തീയേറ്ററുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 100 ശതമാനം ആളുകൾക്ക് ഇനിമുതൽ തീയേറ്ററുകളിൽ പ്രവേശനം അനുവദിക്കുമെന്ന് കേന്ദ്രം വ്യക്‌തമാക്കി. ഫെബ്രുവരി 1 മുതലാണ് തീയേറ്ററുകളിൽ എല്ലാ സീറ്റുകളിലും ആളുകൾക്ക് പ്രവേശനം അനുവദിക്കുക. ഇതിനൊപ്പം തന്നെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പാലിക്കേണ്ട പുതിയ മാർഗനിർദേശങ്ങളും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കി.
100 ശതമാനം ആളുകൾക്കും പ്രവേശനം നൽകി സിനിമ പ്രദർശനം ആരംഭിക്കുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം ഉണ്ടാകാനുള്ള സാധ്യതകൾ പൂർണമായും തടയുന്നതിന് ആവശ്യമായ നിർദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ നിർദേശങ്ങൾ പ്രകാരം തീയേറ്റർ ഹാളിന് പുറത്ത് ആളുകൾ തമ്മിൽ 6 അടി അകലം പാലിക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ ആളുകളും മാസ്‌ക് കൃത്യമായി ധരിക്കുകയും, സാനിറ്റൈസർ കൃത്യമായി ഉപയോഗിക്കുകയും ചെയ്യണം. ഇതിനായി തീയേറ്ററിൽ ടച്ച് ഫ്രീയായിട്ടുള്ള സാനിറ്റൈസറുകൾ സ്‌ഥാപിക്കണം.
കൂടാതെ ഇടവേളകളിൽ തിരക്ക് ഒഴിവാക്കുന്നതിനായി ഇടവേളയുടെ സമയം ദീർഘിപ്പിക്കാവുന്നതാണ്. സിനിമ പ്രദർശനത്തിന് മുൻപും ശേഷവും ഹാളിൽ ആളുകൾ കൂട്ടത്തോടെ അകത്തേക്ക് കയറുന്നതും, ഇറങ്ങുന്നതും ഒഴിവാക്കണം. ഇതിനായി സാമൂഹിക അകലം പാലിക്കുന്ന തരത്തിൽ ആളുകൾക്ക് നിൽക്കാനുള്ള സ്‌ഥലം മാർക്ക് ചെയ്‌ത് വെക്കാവുന്നതാണ്. ഒപ്പം തന്നെ ടിക്കറ്റ് കൗണ്ടറുകളിൽ തിരക്ക് ഒഴിവാക്കുന്നതിനായി മുഴുവൻ സമയവും ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കണമെന്നും, മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കണമെന്നും, ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആളുകളുടെ ഫോൺ നമ്പറുകൾ നിർബന്ധമായും ശേഖരിക്കണമെന്നും നിർദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
ഇളവുകൾ അനുവദിച്ചെങ്കിലും രോഗവ്യാപനം തടയുന്നതിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും തീയേറ്റർ ഉടമകളുടെ ഭാഗത്ത് നിന്നും, കാണികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കണമെന്നും നിർദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. തിരക്ക് കൂടുന്നത് ഒഴിവാക്കുന്നതിനായി മൾട്ടിപ്ളക്‌സ് തീയേറ്ററുകളിൽ പ്രദർശനസമയം ക്രമീകരിക്കണമെന്നും, ഓരോ പ്രദർശനത്തിന് ശേഷവും തീയേറ്റർ ഹാൾ അണുവിമുക്‌തമാക്കണമെന്നും കേന്ദ്രസർക്കാർ പുതിയ നിർദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also : മെഡിക്കൽ കോളേജ്; ആക്ഷൻ കമ്മിറ്റികൾ ഒറ്റക്കെട്ടായി സമരത്തിന് ഒരുങ്ങുന്നു







































