ന്യൂഡെൽഹി: തിയേറ്റർ ഉടമകൾക്ക് പുതിയ ഉത്തരവുമായി സുപ്രീം കോടതി. സിനിമ തിയേറ്ററുകൾക്കുള്ളിൽ പുറത്ത് നിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാൻ ഉടമകൾക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. എന്നാൽ, ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
പ്രായമായവർക്കും, മാതാപിതാക്കൾക്ക് ഒപ്പം വരുന്ന കുട്ടികൾക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും കോടതി നിർദ്ദേശിച്ചു. സിനിമ തിയേറ്ററുകളിലും മൾട്ടിപ്ളെക്‌സുകളിലും എത്തുന്നവർക്ക് ഭക്ഷണവും, പാനീയങ്ങളും കൊണ്ടുവരുമെന്നും, അവ തടയരുതെന്നും ജമ്മു കശ്‌മീർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിന് എതിരെ നൽകിയ ഹരജിയിലാണ് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി ബെഞ്ച് സിനിമ തിയേറ്റർ ഉടമകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ അധികാരം ഉണ്ടെന്ന് വ്യക്‌തമാക്കിയത്.
അതേസമയം, മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീം കോടതി ഇന്ന് നിർണായക വിധി പുറപ്പെടുവിച്ചു. മന്ത്രിമാർ ഉൾപ്പടെയുള്ള പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ടെന്നും, നിലവിലുള്ള ഭരണഘടനാപരമായ നിയന്ത്രണങ്ങൾ മതിയാകുമെന്നും കോടതി ഉത്തരവിട്ടു.
ജസ്‌റ്റിസ് എസ് അബ്‌ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ നിയന്ത്രണങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ കൊണ്ടുവരാൻ ആകില്ലെന്ന് കോടതി അറിയിച്ചു. ഒരു മന്ത്രിയുടെ പ്രസ്‌താവന സർക്കാരിന്റെ ആകെ അഭിപ്രായമല്ല. മന്ത്രി പറയുന്നതിന്റെ ഉത്തരവാദിത്തം അയാൾക്ക് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
Most Read: സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന; 22 കടകൾ അടപ്പിച്ചു