ന്യൂഡെൽഹി: മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീം കോടതി. മന്ത്രിമാർ ഉൾപ്പടെയുള്ള പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ടെന്നും, നിലവിലുള്ള ഭരണഘടനാപരമായ നിയന്ത്രണങ്ങൾ മതിയാകുമെന്നും കോടതി ഉത്തരവിട്ടു.
മന്ത്രിമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്താമോ എന്ന വിഷയത്തിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. മന്ത്രിസ്‌ഥാനത്ത് ഇരിക്കെ എംഎം മണി, യുപിയിലെ അസംഖാൻ എന്നിവരുടെ വിവാദപരാമർശങ്ങൾക്ക് എതിരായ പരാതികളിൽ ഉൾപ്പടെ വിശാലമായ നിയമപ്രശ്‌നത്തിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
ജസ്‌റ്റിസ് എസ് അബ്‌ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ നിയന്ത്രണങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ കൊണ്ടുവരാൻ ആകില്ലെന്ന് കോടതി അറിയിച്ചു. ഒരു മന്ത്രിയുടെ പ്രസ്‌താവന സർക്കാരിന്റെ ആകെ അഭിപ്രായമല്ല. മന്ത്രി പറയുന്നതിന്റെ ഉത്തരവാദിത്തം അയാൾക്ക് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിക്ക് പുറമെ ജസ്‌റ്റിസ് വി നാഗരത്‌ന പ്രത്യേക വിധിയും പുറപ്പെടുവിച്ചു. വിദ്വേഷ പ്രസംഗങ്ങൾ ഭരണഘടനയുടെ അടിസ്‌ഥാന മൂല്യങ്ങളെ തകർക്കുന്നതാണ്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പാർലമെന്റിൽ നിയമം കൊണ്ടുവരാം. രാഷ്‌ട്രീയ പാർട്ടികൾ അവരുടെ അംഗങ്ങൾക്ക് പെരുമാറ്റച്ചട്ടം രൂപപ്പെടുത്തുന്നത് പരിഗണിക്കണം. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സാധാരണ പൗരന് കോടതിയെ സമീപിക്കാം.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പാർലമെന്റ് ശക്‌തമായ നിയമനിർമാണം കൊണ്ടുവരണം. മന്ത്രിമാർ നടത്തുന്ന ഇത്തരം പ്രസ്‌താവനകൾ സർക്കാർ തള്ളി പറഞ്ഞില്ലെങ്കിൽ അത് സർക്കാർ നിലപാടായി കണക്കാക്കി നടപടി സ്വീകരിക്കണം.
ആത്‌മാഭിമാനം ഉയർത്തിപ്പിടിക്കാൻ എല്ലാ പൗരനും ചുമതലയുണ്ട്. പൊതുപ്രവർത്തകർ ഉത്തരവാദിത്തത്തോടെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കണം. സെലിബ്രിറ്റികളും ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും ജസ്‌റ്റിസ് നാഗരത്ന തന്റെ വിധിയിൽ പരാമർശിച്ചു.
Most Read: കലാമാമാങ്കത്തിന് ഇന്ന് തുടക്കം; ഔദ്യോഗിക ഉൽഘാടനം രാവിലെ പത്തിന്