തിരുവനന്തപുരം: ഇന്ത്യയിൽ ഉടനീളം സ്‌ത്രീകൾക്ക് നിർഭയം സഞ്ചരിക്കാമെന്ന് ലോകത്തെ അറിയിക്കാനുള്ള ഉദ്യമത്തിലാണ് മധ്യപ്രദേശുകാരിയായ ആശാ മാളവിക. സ്‌ത്രീ സുരക്ഷയും ശാക്‌തീകരണവും ലക്ഷ്യമാക്കി സൈക്കിളിൽ ഭാരത പര്യടനത്തിന് ഇറങ്ങിയ ആശാ മാളവികയാണ് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്.
തനിച്ചു ഇന്ത്യ മുഴുവൻ സൈക്കിളിൽ സഞ്ചിരിക്കുന്ന ആശാ മാളവിക ഇതിനോടകം കേരളം ഉൾപ്പടെ ആറ് സംസ്‌ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കി. കേരള തലസ്‌ഥാനമായ തിരുവനന്തപുരത്താണ് ആശ ഇപ്പോൾ. തലസ്‌ഥാനത്ത് എത്തിയ ആശ ഗതാഗത മന്ത്രി ആന്റണി രാജു ഉൾപ്പടെയുള്ള പ്രമുഖരെ സന്ദർശിച്ചു.
യാത്ര കണ്ണൂരിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെയും കോഴിക്കോട് വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും നേരിൽ കണ്ടിരുന്നു. തിരുവനന്തപുരം കളക്‌ടറ്റേറ്റിൽ എത്തിയ ആശയെ ജില്ലാ കളക്‌ടറുടെ ചുമതലയുള്ള എഡിഎം അനിൽ ജോസ്, ഹുസൂർ ശിരസ്‌തദാർ എസ് രാജശേഖരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
നവംബർ ഒന്നിന് ഭോപ്പാലിൽ നിന്ന് പുറപ്പെട്ട് ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ, കർണാടക സംസ്‌ഥാനങ്ങൾ സഞ്ചരിച്ചാണ് ആശ കേരളത്തിൽ എത്തിയത്. തമിഴ്‌നാട്, കർണാടക, ഒഡിഷ വഴി വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളും ജമ്മു ആൻഡ് കശ്‌മീരും പിന്നിട്ട് ഡെൽഹിയിൽ അടുത്ത വർഷം ഓഗസ്‌റ്റോടെ ആണ് യാത്ര പൂർത്തിയാവുക.
ദേശീയ കായിക താരവും പർവതാരോഹകയുമായ ആശ സൈക്കിളിൽ 20,000 കിലോമീറ്റർ ആണ് ലക്ഷ്യമിടുന്നത്. മധ്യപ്രദേശിലെ രാജ്ഘർ ജില്ലയിലെ നാടാറാം ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ആശ ദേശീയ കായിക മൽസരങ്ങളിൽ അത്‌ലറ്റിക്‌സിൽ മൂന്ന് തവണ നേട്ടം കൈവരിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിൽ സ്‌ത്രീകൾ സുരക്ഷിതരാണെന്നും മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും ആശ പറഞ്ഞു.
Most Read: പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്‌ച ഇന്ന്; ബഫർസോണും കെ റെയിലും ചർച്ച