തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്‌ച ഇന്ന്. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരക്കാണ് കൂടിക്കാഴ്‌ച. ബഫർസോൺ, സിൽവർ ലൈൻ, വിവിധ പദ്ധതികൾക്കുള്ള വായ്‌പാ പരിധി ഉയർത്തൽ എന്നിവ ചർച്ചയായേക്കും.
ബഫർസോൺ അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര തീരുമാനം നിർണായകമാണ്. പ്രധാനമന്ത്രിയെ കാണുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ സംസ്‌ഥാനത്തിന്റെ ആശങ്ക ബോധ്യപ്പെടുത്തും. സാറ്റ്‌ലൈറ്റ് സർവേ നീക്കം കൂടി പിഴച്ച സാഹചര്യത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിലെ ഫലം സംസ്‌ഥാന സർക്കാരിന് പ്രധാനമാകും.
കെ റെയിൽ വിഷയമാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. റെയിൽവേ മന്ത്രാലയം എതിർപ്പ് തുടരുന്ന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തിന്റെ വാദം പ്രധാനമന്ത്രിക്ക് മുന്നിൽ മുഖ്യമന്ത്രി ഉയർത്തും. കെ റയിൽ അനുമതിക്കായി നേരത്തെയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടിരുന്നു. സാങ്കേതിക തടസങ്ങൾ മാറ്റിയാൽ പദ്ധതിക്ക് അനുമതി കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.
എന്നാൽ, ഡിപിആർ ഭൂമിയേറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളിലെ അവ്യക്‌തത ഇനിയും അപരിഹരിക്ക പെട്ടിട്ടില്ലെന്നാണ് റെയിൽവേ മന്ത്രാലയം ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലും വ്യക്‌തമാക്കിയത്. സംസ്‌ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തികിട്ടുകയാണ് മറ്റൊരു ലക്ഷ്യം. വാട്ടർ മെട്രോ ഉൽഘാടനം ചെയ്യാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ക്ഷണിച്ചേക്കും.
സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ കൂടി പെങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡെൽഹിയിൽ എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച. അതേസമയം, ബഫർസോൺ പ്രശ്‌നത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രളയമാണ്. ഉപഗ്രഹ സർവേ റിപ്പോർട്ടിൻമേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിൻമേലുമാണ് പരാതികൾ എത്തുന്നത്.
സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിനെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും. ജനുവരി 11ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുമ്പ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി സമയം നൽകണം എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി.
അതിനിടെ, ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്‌ക്കുന്നതിനിടെ പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. ഉച്ചതിരിഞ്ഞു മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഇപി ജയരാജനെതിരെ അന്വേഷണം സംസ്‌ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര നേതാക്കൾ വ്യക്‌തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ കാര്യമായ ചർച്ച പൊളിറ്റ് ബ്യൂറോയിൽ ഉണ്ടാവാൻ ഇടയില്ല. അന്വേഷണത്തോട് യോജിപ്പെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നൽകുന്നത്. വിവാദം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അന്വേഷണം വേണോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാണ്.
Most Read: പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശേഷി സിപിഎമ്മിനുണ്ട്; ജയരാജൻ വിഷയം പാർട്ടി നോക്കും-കാനം രാജേന്ദ്രൻ