കോട്ടയം: ഇപി ജയരാജനെതിരായ ആരോപണം സിപിഐഎം ചർച്ച ചെയ്‌ത് പരിഹരിക്കട്ടെയെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശേഷിയുള്ള, പ്രായപൂർത്തിയായ പാർട്ടിയാണ് സിപിഎം എന്നും കാനം രാജേന്ദ്രൻ പറഞ്ഞു. മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ പ്രതികരിക്കേണ്ടതില്ല. സിപിഎമ്മിനുള്ളിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് അവർ ചർച്ച ചെയ്യട്ടെയെന്നും കാനം രാജേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.
റിസോർട്ട് വിഷയത്തിൽ ഇപി ജയരാജനും പി ജയരാജനും തമ്മിലുള്ള തർക്കം സംബന്ധിച്ച് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. അതേസമയം, വിവാദങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായില്ല. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പെങ്കെടുക്കാൻ ഡെൽഹിയിൽ എത്തിയ മുഖ്യമന്ത്രിയോട് മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചെങ്കിലും തണുപ്പ് എങ്ങനെ ഉണ്ടെന്ന മറുചോദ്യമാണ് മുഖ്യമന്ത്രി ചോദിച്ചത്.
മാദ്ധ്യമപ്രവർത്തകരോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അടുത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപി ജയരാജനെതിരായ ആരോപണത്തിൽ അന്വേഷണം വേണോയെന്ന് സംസ്‌ഥാന ഘടകത്തിന് തീരുമാനിക്കാമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. തെറ്റ് തിരുത്തൽ രേഖയിൽ വിട്ടുവീഴ്‌ച വേണ്ടെന്നും കേന്ദ്ര നേതൃത്വം വ്യക്‌തമാക്കി. വിഷയം നാളെ ആരംഭിക്കുന്ന പൊളിറ്റ് ബ്യൂറോയുടെ പരിഗണനക്ക് വരും.
അതിനിടെ, സാമ്പത്തിക ആരോപണം രാഷ്‌ട്രീയ വിഷയമായി ഏറ്റെടുത്തിരിക്കുകയാണ് പ്രതിപക്ഷം. ഇപി ജയരാജനെതിരായി സാമ്പത്തിക ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. മുതിർന്ന സിപിഐഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെതിരെ സിപിഎമ്മിനുള്ളിൽ നിന്നുതന്നെയാണ് ആരോപണങ്ങൾ ഉയർന്നത്. ഇതിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോപണങ്ങൾ നേതാക്കൾ തള്ളുന്നുമില്ലെന്നും വിഡി സതീശൻ പറഞ്ഞു.
ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുഖ്യമന്ത്രി എന്നിവർക്ക് ഉൾപ്പടെ ഇക്കാര്യം ഏല്ലാവർക്കും അറിയാം. കേന്ദ്ര ഏജൻസികൾ കേരളത്തിലെ സിപിഎമ്മിന്റെ കാര്യം വരുമ്പോൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യവും സതീശൻ ഉയർത്തി. ഇപി ജയരാജനെതിരെ സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ഉയർന്ന ആരോപണം അതീവ ഗൗരവും ഉള്ളതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
ജയരാജൻ മന്ത്രി ആയിരിക്കെ പദവി ദുരൂപയോഗം ചെയ്‌തുവെന്നാണ് ഈ ആരോപണത്തിൽ നിന്ന് വ്യക്‌തമാകുന്നത്. പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നത് അതിന്റെ ഗൗരവം പതിൻമടങ്ങ് വർധിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ പാർട്ടിതല അന്വേഷണമല്ല, ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരനും ആവശ്യപ്പെട്ടു.
അതിനിടെ, കേരളത്തിന്റെ മുഖ്യമന്ത്രി പതിവുപോലെ മൗനവ്രതം പുനരാരംഭിച്ചിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ആരോപണങ്ങൾ ഏറെ ഗൗരവമുള്ളതാണ്. അഴിമതി ആരോപണം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
Most Read: കലോൽസവത്തിനിടെ അപകടം ഉണ്ടായാൽ സംഘാടകർക്ക് എതിരെ നിയമനടപടി; ഹൈക്കോടതി