ന്യൂഡെൽഹി: പശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഡെൽഹിയിൽ റിപ്പോർട് ചെയ്യണമെന്ന ഉത്തരവ് ലംഘിച്ചതിന് അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ തിരിച്ചു വിളിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തെ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നിലപാടെടുത്തു. ഇക്കാര്യം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമത കത്തെഴുതുകയും ചെയ്തിരുന്നു. ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ കേന്ദ്രത്തിൽ റിപ്പോർട് ചെയ്യണമെന്ന നിർദ്ദേശത്തിൽ താൻ അമ്പരന്നു പോയെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പശ്ചിമ ബംഗാൾ സർക്കാരിന് ചീഫ് സെക്രട്ടറിയെ വിട്ടുതരാൻ കഴിയില്ല. പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നുമില്ല. നിയമപരമായി തന്നെയാണ് അദ്ദേഹം സംസ്ഥാനത്ത് തുടരുന്നത് എന്നും കത്തിൽ മമത പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച ആലാപൻ ബന്ദോപാധ്യായയെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി മമത നിയമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം ബന്ദോപാധ്യായക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.
Most Read: ലക്ഷദ്വീപിൽ നിന്ന് അടിയന്തിര ഹെലികോപ്റ്റർ യാത്ര; മാർഗരേഖ തയ്യാറാക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി










































