ന്യൂഡെല്‍ഹി: സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഇത് ഇന്ത്യന്‍ കുടുംബ വ്യവസ്ഥക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡെല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്.
‘പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്നിങ്ങനെയുള്ള ഇന്ത്യന്‍ കുടുംബ ആശയവുമായി താരതമ്യപ്പെടുത്താനാവില്ല’- കേന്ദ്രം വ്യക്തമാക്കി.
സ്വവർഗ ലൈംഗികത കുറ്റകൃത്യമല്ല. എന്നാൽ ഇത് മൗലികാവകാശമല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം മൗലിക അവകാശമായി ഹരജിക്കാര്‍ക്ക് അവകാശപ്പെടാനാവില്ല. ഒരേ ലിംഗത്തിലുള്ളവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിലവിലുള്ള വ്യക്തി നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്നതായും കേന്ദ്രം അറിയിച്ചു.
‘വിവിധ മതവിഭാഗങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട വ്യക്തിഗത നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന രാജ്യത്തെ വിവാഹ നിയമങ്ങള്‍ പാര്‍ലമെന്റ് രൂപകല്‍പ്പന ചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ഒരു പുരുഷന്റെയും സ്ത്രീയുടെയും ഐക്യത്തെ മാത്രം അംഗീകരിക്കുന്നതാണ് ഈ നിയമങ്ങള്‍. മതപരമായ അനുമതി വഴി നിയമപരമായ അനുമതി നല്കുന്നു. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപെടല്‍ രാജ്യത്തെ വ്യക്തി നിയമങ്ങളുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥയെ പൂര്‍ണമായും തകര്‍ക്കും’- സത്യവാങ്മൂലം പറയുന്നു.
ഹിന്ദു വിവാഹ നിയമത്തിന്റെ പിരിധിയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹരജിയില്‍ ഹൈക്കോടതിയുടെ നോട്ടീസിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഹരജി കോടതി ഏപ്രിലില്‍ വീണ്ടും പരിഗണിക്കും.
Kerala News: പിജെ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു








































