തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകിയ സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസംഘം. സംസ്‌ഥാനത്ത് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടെന്നും, വാക്‌സിൻ എടുത്ത ആളുകളിലും രോഗം സ്‌ഥിരീകരിക്കുന്നത് ഗൗരവമായ കാര്യമാണെന്നും കേന്ദ്രസംഘം അറിയിച്ചു. കൂടാതെ വാക്‌സിൻ എടുത്ത ആളുകളിൽ നിന്നും സാംപിളുകൾ ശേഖരിച്ച് പരിശോധനക്ക് അയക്കണമെന്നും കേന്ദ്രസംഘം വ്യക്‌തമാക്കി.
സംസ്‌ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്‌ത്രീയമാണെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ടിപിആർ അടിസ്‌ഥാനപ്പെടുത്തിയുള്ള ലോക്ക്ഡൗൺ രീതി മാറ്റി ആയിരത്തിൽ എത്ര പേർക്കാണ് രോഗം എന്നത് കണക്കാക്കിയാകും ഇനി മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. 1000ത്തിൽ 10 രോഗികളിൽ കൂടുതൽ ഒരാഴ്‌ച ഉണ്ടായാൽ ആ പ്രദേശം ട്രിപ്പിൾ ലോക്ക്ഡൗണിലാകും. മറ്റ് പ്രദേശങ്ങളിൽ ഇനി മുതൽ ഞായറാഴ്‌ച മാത്രമായിരിക്കും ലോക്ക്ഡൗൺ ഏർപ്പെടുത്തുക.
രോഗികൾ കുറവുള്ള പ്രദേശങ്ങളിൽ ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ കടകൾ തുറക്കാൻ അനുമതി ഉണ്ടായിരിക്കും. എന്നാൽ ഓണവും, സ്വാതന്ത്ര്യ ദിനവും ഞായറാഴ്‌ചകളിൽ ആയതിനാൽ ആ രണ്ട് ദിവസങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നും അധികൃതർ വ്യക്‌തമാക്കി. അതേസമയം സംസ്‌ഥാനത്ത് ആൾക്കൂട്ട നിരോധനം തുടരുമെന്നും മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : രാജ്യസഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി; തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെൻഷൻ