തൃശൂർ: സീസണായതോടെ ചാലക്കുടിയിൽ ചക്ക വിപണി സജീവമായി. ഉത്തരേന്ത്യയിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും ചക്ക കയറ്റിപോകുന്നത്. ഉത്തരേന്ത്യയിൽ നിന്ന് ലോഡിറക്കി മടക്കംപോകുന്ന നാഷണൽ പെർമിറ്റ് ലോറികളിൽ പ്രതിദിനം നൂറുകണക്കിന് ചക്കകളാണ് ചാലക്കുടിയിലെ വിപണിയിൽനിന്ന് കൊണ്ടുപോകുന്നത്.
ഡെൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ചക്കക്ക് കൂടുതൽ ആവശ്യക്കാരെന്ന് കച്ചവടക്കാർ പറഞ്ഞു. ആദ്യമൊക്കെ തമിഴ്നാട്ടിലേക്കും ആന്ധ്രയിലേക്കുമാണ് ചക്കലോറികൾ പോയിരുന്നത്. രാത്രിയും പകലും ചക്ക കയറ്റിറക്ക് സജീവമാണ്. കോവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ സീസണിൽ വലിയ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം സീസൺ ആരംഭിച്ചപ്പോഴാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്.
ഇക്കുറി ആ ക്ഷീണം മാറ്റമെന്നാണ് വ്യാപാരികൾ കരുതുന്നത്. ഇത്തവണ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. ഈ നഷ്ടം നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. ഏജന്റുമാർ വഴിയാണ് ചക്ക ചാലക്കുടിയിൽ എത്തുന്നത്. വടക്കെ ഇന്ത്യയിലേക്ക് കയറ്റി വിടുന്നതിനും ഏജന്റുമാർ എത്തുന്നു. ഇടിയൻ ചക്കക്കാണ് വിപണിയിൽ ഏറെ പ്രിയം.
മെടഞ്ഞ ഓലക്കീറുകൾ ലോറികളിൽ ഉയരത്തിൽ നിരത്തി അവക്കിടയിൽ വാഴയില വെച്ച്, ഐസ് കട്ട പാകിയാണ് ചക്ക പാക്ക് ചെയ്യുന്നത്. ദിവസങ്ങളെടുത്ത് അവിടെയെത്തുമ്പോൾ ചക്ക ഫ്രഷായി ഇരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. സീസൺ ശക്തമാകുന്നതോടെ പഴുത്ത ചക്കയും വൻതോതിൽ കയറ്റിവിടും.
Read Also: എയർ ഇന്ത്യ വിൽപ്പന; നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ







































