കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിധയെഴുത്ത് ഇന്ന്. രണ്ടിടത്തും ഏഴ് മണിക്കുതന്നെ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിലും പലയിടത്തും വോട്ടിങ് മെഷീനുകൾ പണിമുടക്കിയതിനാൽ തടസം നേരിട്ടിട്ടുണ്ട്.
ചേലക്കരയിൽ ആറ് സ്‌ഥാനാർഥികളും വയനാട്ടിൽ 16 സ്‌ഥാനാർഥികളുമാണ് ജനവിധി തേടുന്നത്. വയനാട്ടിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയിലെ വോട്ടർമാർക്കായി മൂന്ന് ബൂത്തുകൾ തയ്യാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സർവീസും ഏർപ്പെടുത്തി.
ചേലക്കരയിൽ ആകെ 2.13 ലക്ഷം വോട്ടർമാരാണുള്ളത്. 1375 പേർ ഹോം വോട്ട് രേഖപ്പെടുത്തി. 180 പോളിങ് ബൂത്തുകളിൽ മൂന്ന് ഓക്‌സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തിൽ 14 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടിൽ യുഡിഎഫ് സ്‌ഥാനാർഥിയായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫ് സ്‌ഥാനാർഥിയായി സത്യൻ മൊകേരിയും എൻഡിഎ സ്‌ഥാനാർഥിയായി നവ്യ ഹരിദാസുമാണ് മൽസര രംഗത്തുള്ളത്.
ചേലക്കരയിൽ യുഡിഎഫ് സ്‌ഥാനാർഥിയായി രമ്യ ഹരിദായും എൽഡിഎഫ് സ്‌ഥാനാർഥിയായി യുആർ പ്രദീപും എൻഡിഎ സ്‌ഥാനാർഥിയായി കെ ബാലകൃഷ്‌ണനുമാണ് മൽസരിക്കുന്നത്. കെ രാധാകൃഷ്‌ണൻ എംപിയായി വിജയിച്ച ഒഴിവിലാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ്. രാഹുൽ ഗാന്ധി വയനാട് എംപി സ്‌ഥാനം ഒഴിഞ്ഞതോടെ വയനാട്ടിൽ തിരഞ്ഞെടുപ്പ് കളമൊരുങ്ങി.
ഷാഫി പറമ്പിൽ വടകരയിൽ നിന്ന് എംപിയായതോടെ പാലക്കാടും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങി. ഈ മാസം 20നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ്. കൽപ്പാത്തി രഥോൽസവം പ്രമാണിച്ച് തിരഞ്ഞെടുപ്പ് തീയതി നീട്ടുകയായിരുന്നു. 23നാണ് മൂന്നിടത്തെയും വോട്ടെണ്ണൽ.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’