തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ ഭക്‌തജന തിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാവർക്കും ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി.
ദിവസേന 90,000 പേർക്കായിരിക്കും ഇനി ദർശനം അനുവദിക്കുക. അതേസമയം, ദർശന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിക്കുകയും ചെയ്‌തു. നിലയ്‌ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്‌ച തോറും ഉന്നതതല യോഗം ചേരും. തിരക്കുള്ള ദിവസങ്ങളിൽ പുലർച്ചെ മൂന്ന് മുതൽ 1.30 വരെയും വൈകിട്ട് മൂന്ന് മുതൽ 11.30 വരെയും ആയിരിക്കും ദർശനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സമയക്രമമാണ് നടപ്പിലാക്കുന്നത്.
അതിനിടെ, തിരക്ക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതിൽ വീഴ്‌ച വരുത്തിയ സന്നിധാനം എസ്‌പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്ക് മാറ്റി. പമ്പയുടെ ചുമതല ഉണ്ടായിരുന്ന സുദർശൻ സന്നിധാനം എസ്‌പിയാകും. തിരക്ക് നിയന്ത്രിച്ച് പരിചയം ഉള്ളവരെ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം.
പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നതോടെ 19 മണിക്കൂർ ദർശനത്തിന് സൗകര്യം ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ പറഞ്ഞു. അഷ്‌ടാഭിഷേകം, പുഷ്‌പാഭിഷേകം എന്നിവയുടെ എണ്ണം നിയന്ത്രിക്കും. ഈ പൂജകൾക്ക് ബുക്ക് ചെയ്‌തവർക്ക് സന്നിധാനത്ത് നിൽക്കാനുള്ള അവസരം ഒരുക്കും. ഭക്‌തജനങ്ങൾക്ക് വെള്ളവും ബിസ്‌ക്കറ്റും നൽകാൻ ശരംകുത്തിയിൽ കൂടുതൽ സന്നദ്ധ പ്രവർത്തകരെ നിയോഗിക്കും.
നിലക്കലിലെ പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തും. 12,000 വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യാം വെർച്വൽ ക്യൂവിൽ 1,20,000 പേരാണ് പ്രതിദിനം ബുക്ക് ചെയ്യുന്നത്. എന്നാൽ, ബുക്ക് ചെയ്യുന്ന എല്ലാവരും വരാറില്ല. അനുഭവ സമ്പത്തുള്ള പോലീസുകാരെ പതിനെട്ടാം പടിയിൽ നിയോഗിക്കും. ആർക്കും ദർശനം നിഷേധിക്കില്ലെന്നും അനന്തഗോപൻ പറഞ്ഞു.
ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ദർശന സമയം കൂട്ടുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തീർഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കഴിഞ്ഞ സാഹചര്യത്തിലാണ് ഞായറാഴ്‌ച കോടതി സ്‌പെഷ്യൽ സിറ്റിങ് നടത്തിയത്.
Most Read: ഗുജറാത്തിൽ ഇന്ന് ബിജെപി മന്ത്രിസഭ സത്യപ്രജ്‌ഞ ചെയ്‌ത് അധികാരത്തിലേറും