ജാതി രാഷ്‌ട്രീയം പ്രമേയമായ ‘ഭാരത സര്‍ക്കസ്’ എല്ലാത്തരം ആസ്വാദകരെയും തൃപ്‌തിപ്പെടുത്തും

അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പ്രമേയത്തിലെ കയ്യടക്കംകൊണ്ടും ഏതൊരു പ്രേക്ഷകനും ദഹിക്കുന്ന നിലയിൽ ജാതി രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന 'ഭാരത സർക്കസ്', ഓരോ മലയാളിയും ഒരു തവണയെങ്കിലും തിയേറ്ററിൽ കണ്ടിരിക്കേണ്ട സിനിമയാണ്.

By Central Desk, Malabar News
bharatha circus malayalam movie review
Ajwa Travels

ആഖ്യാന രീതിയിലും ട്വിസ്‌റ്റുകളിലും പ്രേക്ഷക ചിന്തക്കപ്പുറം സഞ്ചരിക്കുന്ന ‘ഭാരത സര്‍ക്കസ്’ പൂർണ ആസ്വാദ്യ നിലവാരം നൽകുന്നുണ്ട്. പ്രേക്ഷകരെ മുഷിപ്പിക്കാതെ വളരെ ഗൗരവമുള്ള ഒരു വിഷയത്തെ കൈകാര്യം ചെയുന്ന സിനിമയിൽ കഥാപാത്രങ്ങളെ വ്യന്യസിച്ച രീതിയും അഭിനേതാവ് കൂടിയായ സോഹൻ സീനുലാലിന്റെ സംവിധാന മികവും ഒരു രക്ഷയുമില്ല.

കൃത്യമായ രാഷ്‌ട്രീയവും സാമൂഹിക ചിന്തകളും എത്ര കയ്യടക്കത്തോടെയാണ് സോഹൻ സീനുലാൽ കൈകാര്യം ചെയ്‌തിരിക്കുന്നതെന്ന് സിനിമ കാണുന്ന ഓരോ പ്രേക്ഷകനും മനസിലാകും. മുഹാദ് വെമ്പായത്തിന്റെ തിരക്കഥാ രചനയും ബിനു കുര്യൻ നിർവഹിച്ച ഛായാഗ്രഹണവും കയ്യടി അർഹിക്കുന്നുണ്ട്.

ചിത്രത്തിൽ ബിനു പപ്പു, ലക്ഷ്‌മണൻ കാണിയെന്ന കഥാപാത്രത്തിലേക്ക് പകര്‍ന്നാട്ടം നടത്തുമ്പോൾ സംവിധായകൻ എംഎ നിഷാദ് അവതരിപ്പിച്ച ജയചന്ദ്രന്‍ നായരെന്ന പോലീസ് ഉദ്യോഗസ്‌ഥന്റെ കഥാപാത്രം അളന്നുമുറിച്ച അഭിനയം കൊണ്ട് ഞെട്ടിച്ചുകളയുകയാണ്. അനൂപ് എന്ന രാഷ്‌ട്രീയ പ്രവര്‍ത്തകനായെത്തിയ ഷൈന്‍ ടോം ചാക്കോയും മികച്ച പ്രകടനമാണ് നടത്തിയത്.

നടൻ ജയകൃഷ്‌ണനും മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, പാഷാണം ഷാജി, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർക്കൊപ്പം സംവിധായകന്‍ സോഹന്‍ സീനുലാലും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സര്‍ക്കിള്‍ ഇൻസ്‌പെക്‌ടർ ജയചന്ദ്രൻ ജോലിചെയ്യുന്ന പോലീസ് സ്‌റ്റേഷനിലേക്ക് ഒരു പരാതിയുമായെത്തുന്ന ബിനു പപ്പുവിന്റെ ലക്ഷ്‌മണൻ എന്ന കഥാപാത്രം, തന്റെ മകളെ ആത്‍മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചവരെ കണ്ടെത്തണം എന്ന് പരാതിപ്പെടുന്നു. ഈ പരാതി ഏറ്റെടുത്ത പൊലീസും ലക്ഷ്‌മണനും തമ്മില്‍ നടക്കുന്ന സംഭവ പരമ്പരകളെ, ത്രില്ലർ സ്വഭാവത്തിൽ, ഒരിടത്ത് പോലും ആസ്വാദനച്ചരട്‌ പൊട്ടിക്കാതെ സംവിധായകൻ കൈകാര്യം ചെയ്‌ത സിനിമയാണ് ‘ഭാരത സര്‍ക്കസ്’.

ബിജിബാല്‍ നിർവഹിച്ച സംഗീതവും ബികെ ഹരിനാരായണന്റെ വരികളും സിനിമക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. ബെസ്‌റ്റ്‌വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രവാസി വ്യവസായി അനൂജ് ഷാജി നിർമിച്ച ഭാരത സർക്കസ്, സീരിയസ് പ്രേക്ഷരെ മാത്രമല്ല ഉൾകൊള്ളുന്നത്. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയതയ്‌ക്കെതിരേ ഉറക്കെ സംസാരിക്കുന്ന ഈ സിനിമ, ഏതൊരു യുവ പ്രേക്ഷകനും ത്രില്ലർ നഷ്‌ടമാക്കാതെ കാണാൻ കഴിയുന്ന സിനിമ കൂടിയാണ്.

Most Read: ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനം പരമപ്രധാനം; ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE