അഹമ്മദാബാദ്: ചരിത്ര വിജയം നേടിയ ഗുജറാത്തിൽ ഇന്ന് ബിജെപി മന്ത്രിസഭ സത്യപ്രജ്‌ഞ ചെയ്‌ത് അധികാരത്തിലേറും. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേലിന് ഒപ്പം 20 മന്ത്രിമാരും സത്യപ്രജ്‌ഞ ചെയ്യും. ഉച്ചക്ക് രണ്ടുമണിക്ക് ഗാന്ധിനഗറിലാണ് ചടങ്ങുകൾ നടക്കുക. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ പങ്കെടുക്കും.
സംസ്‌ഥാന ഗവർണർ ആചാര്യ ദേവവ്രത്ത് ഭൂപേന്ദ്ര പട്ടേലിനും മറ്റ് മന്ത്രിമാർക്കും സത്യവാചകം ചൊല്ലി കൊടുക്കും. നിയമസഭാ മന്ദിരത്തിന് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിൽ പ്രത്യേകം സജ്‌ജമാക്കിയ വേദിയിലാണ് സത്യപ്രജ്‌ഞാ ചടങ്ങുകൾ നടക്കുക. ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ഏക സിവിൽ കോഡ് അടക്കമുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും.
തുടർച്ചയായി ഏഴാം തവണയാണ് ഗുജറാത്തിൽ ബിജെപി അധികാരത്തിൽ എത്തുന്നത്. 182 അംഗ നിയമസഭയിൽ 156 സീറ്റുകൾ നേടി ബിജെപി അധികാര തുടർച്ച നേടുകയായിരുന്നു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെ ഇക്കുറി ബിജെപി നിലംപരിശാക്കി. കേവലം 17 സീറ്റുകൾ മാത്രമാണ് ഇത്തവണ കോൺഗ്രസ് ഗുജറാത്തിൽ നേടിയത്.
ആദ്യമായി ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ എഎപിക്ക് നേട്ടം ഉണ്ടാക്കാനായി എന്നതാണ് മറ്റൊരു കാര്യം. ആംആദ്‌മി പാർട്ടി ഗുജറാത്തിൽ അഞ്ച് സീറ്റുകൾ നേടിയിരുന്നു.
അതേസമയം, പാർട്ടിയിൽ നിന്ന് രാജിവെച്ചു ബിജെപിയിൽ ചേരാൻ നീക്കം ആരംഭിച്ച ആംആദ്‌മി പാർട്ടി എംഎൽഎ ഭൂപദ് ബയാനി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. ഭൂപദിനൊപ്പം പാർട്ടിയുടെ നാല് എംഎൽഎമാരും ബിജെപിയുമായി ചർച്ചയിൽ ആണെന്നാണ് ഗുജറാത്തി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇക്കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.
Most Read: ശബരിമലയിലെ ഭക്‌തജന തിരക്ക്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്