ശബരിമലയിലെ ഭക്‌തജന തിരക്ക്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മരക്കൂട്ടത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ശബരിമല തീർഥാടകർക്കും പോലീസിനും പരിക്കേറ്റ സംഭവത്തിൽ സ്‌പെഷ്യൽ കമ്മീഷണർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട് നൽകും

By Trainee Reporter, Malabar News
Crowd of devotees at Sabarimala
Ajwa Travels

തിരുവനന്തപുരം: ശബരിമലയിൽ ഭക്‌തരുടെ തിരക്ക് വർധിച്ചതോടെ ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം നടക്കുക. ദർശന സമയം നീട്ടുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.

ശബരിമല തീർഥാടകരുടെ എണ്ണത്തിൽ ഈ വർഷം വൻ വർധനവാണ് ഉള്ളത്. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ യോഗം വിലയിരുത്തും. തിരക്ക് നിയന്ത്രിക്കാനുള്ള ഹൈക്കോടതി നിർദ്ദേശങ്ങളിൽ ക്രമീകരണങ്ങൾ വിലയിരുത്തും. അതേസമയം, തീർഥാടകരുടെ എണ്ണം ദിനംപ്രതി 85,000 ആക്കി നിജപ്പെടുത്തണമെന്ന പോലീസ് റിപ്പോർട്ടും യോഗത്തിൽ ചർച്ചയാകും.

എന്നാൽ, ദർശന സമയം നീട്ടിയിട്ടുണ്ടെന്നും ഇനിയും സമയം ദീർഘിപ്പിക്കുന്നത് പരിഗണനയിൽ ഇല്ലെന്നുമാണ് ക്ഷേത്രം തന്ത്രി കണ്‌ഠരര് രാജീവരര് പ്രതികരിച്ചത്. ഇന്ന് 1,07,260 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്‌തിരിക്കുന്നത്‌. ഈ സീസണിലെ ഏറ്റവും ഉയർന്ന ബുക്കിങ്ങാണിത്‌. തിരക്ക് നിയന്ത്രിക്കാൻ പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്‌തരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഘട്ടം ഘട്ടമായേ കടത്തി വിടുന്നുള്ളൂ.

ഇതിനായി കൂടുതൽ പോലീസുകാരെ ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്ന ഭക്‌തർക്ക്‌ ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. പോലീസിന് പുറമെ ആർഎഎഫ്, എൻഡിആർഎഫ് സേനാംഗങ്ങളെയും തിരക്ക് നിയന്ത്രിക്കാൻ ഉപയോഗപ്പെടുത്തും.

അതിനിടെ, ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മരക്കൂട്ടത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ശബരിമല തീർഥാടകർക്കും പോലീസിനും പരിക്കേറ്റ സംഭവത്തിൽ സ്‌പെഷ്യൽ കമ്മീഷണർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട് നൽകും. തിരക്ക് വർധിച്ച സാഹചര്യത്തിൽ കോടതി നിർദ്ദേശ പ്രകാരം ദേവസ്വം ബോർഡ് തന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ തീരുമാനിച്ചിരുന്നു.

ഇതോടെ ദർശന സമയം 19 മണിക്കൂറായി. ഇക്കാര്യം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കണം, ളാഹ മുതൽ നിലക്കൽ വരെ പോലീസ് പട്രോളിങ് കാര്യക്ഷമമാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ കോടതി കഴിഞ്ഞ ദിവസം മുന്നോട്ട് വെച്ചിരുന്നു. ഒരു തീർഥാടകനും ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് കോടതിയുടെ നിലപാട്.

Most Read: രാഷ്‌ട്രീയത്തിൽ കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ: പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE