പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉൽസവത്തോട് അനുബന്ധിച്ചു സുരക്ഷ ഉറപ്പാക്കാൻ നാല് എസ്‌പിമാർ, 19 ഡിവൈഎസ്‌പിമാർ, 15 ഇൻസ്‌പെക്‌ടർമാർ അടക്കം ആയിരം പോലീസുകാരെ അധികമായി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്‌ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. മകരവിളക്കുമായി ബന്ധപ്പട്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനായി ചേർന്ന അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നിധാനം, പമ്പ, നിലയ്‌ക്കൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക പോലീസ് വിന്യാസം. മകരവിളക്ക് ഉൽസവം സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങളെല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്. ദർശനം കഴിഞ്ഞു മലയിറങ്ങുന്ന ഭക്‌തർക്കായി കൃത്യമായ എക്‌സിറ്റ് പ്ളാനാണ് ഒരുക്കിയിരിക്കുന്നത്. ഭക്‌തർ ഒത്തുകൂടുന്ന ഇടങ്ങളിലെല്ലാം വെളിച്ചം ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ സജ്‌ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കൃത്യമായ ഏകോപനത്തോടെയാണ് ക്രമീകരണങ്ങൾ ഒരുക്കിയതെന്നും പോലീസ് മേധാവി പറഞ്ഞു,
ദേവസ്വം കോംപ്‌ളക്‌സിൽ നടന്ന അവലോകന യോഗത്തിന് ശേഷം സന്നിധാനത്തും പരിസരത്തും പോലീസ് മേധാവി സന്ദർശനം നടത്തി സ്‌ഥിതിഗതികൾ വിലയിരുത്തി. കൊടിമരത്തിന് സമീപത്തും പതിനെട്ടാം പടിയും സന്ദർശിച്ചു. തുടർന്ന് ശബരിമല തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരെയും മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയേയും കണ്ടു. സന്നിധാനത്തെയും പരിസരത്തെയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം ഉച്ചക്ക് ശേഷം അദ്ദേഹം മലയിറങ്ങി.
Most Read| മകരവിളക്ക്; ഇടുക്കിയിൽ മൂന്നിടങ്ങളിൽ ദർശന സൗകര്യം; ബസ് സർവീസുകൾ ഉച്ചവരെ