പത്തനംതിട്ട: മകരവിളക്കിനായി ഒരുങ്ങി ശബരിമല സന്നിധാനം. മകരവിളക്ക് ഉൽസവത്തോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന് നടക്കും. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ പേട്ട തുള്ളും. ഉച്ചയോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലാണ് ആദ്യം നടക്കുക. ഉച്ചകഴിഞ്ഞു ആലങ്ങാട്ട് സംഘവും പേട്ട തുള്ളും.
ഇന്ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും പേട്ട തുള്ളൽ പ്രമാണിച്ചു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം യാത്രയായതിനാൽ വാവര് പള്ളിയിൽ കയറാതെയാകും ആലങ്ങാട്ട് സംഘം വലിയമ്പലത്തിലേക്ക് പേട്ട തുള്ളി നീങ്ങുക. കൊച്ചമ്പലത്തിൽ നിന്ന് സമൂഹ പെരിയോൻ ഗോപാലകൃഷ്‌ണ പിള്ളയുടെ നേതൃത്വത്തിൽ പേട്ട തുള്ളി നീങ്ങുന്ന സംഘത്തിനൊപ്പം തിടമ്പേറ്റിയ ഗജവീരൻമാരും അണിനിരക്കും.
മതമൈത്രിയുടെ സന്ദേശം വിളിച്ചോതി ജമാഅത്ത് ഭാരവാഹികൾ ചേർന്ന് അമ്പലപ്പുഴ സംഘത്തിന് സ്വീകരണം നൽകും. വാവരുടെ പ്രതിനിധിയുമായി പള്ളിക്ക് വലതുവെച്ചു നീങ്ങുന്ന സംഘം പിന്നീട് വലിയമ്പലത്തിലേക്ക് പുറപ്പെടും. വഴിയിൽ വിവിധ സംഘടനകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എത്തുന്ന പേട്ടതുള്ളൽ സംഘത്തെ വലിയമ്പലത്തിൽ ദേവസ്വം ഭാരവാഹികൾ ചേർന്ന് സ്വീകരിക്കും.
അതേസമയം, മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. 15ന് വൈകിട്ട് ശരംകുത്തിയിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഉൾപ്പടെ സ്വീകരിച്ചു സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.
അതിനിടെ, മകരവിളക്കിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ശബരിമലയിൽ ഇന്ന് ഉന്നതതലയോഗം ചേരും. ദേവസ്വം പ്രസിഡണ്ട്, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ, ശബരിമല എഡിഎം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. മകരവിളക്ക് ദർശനത്തിനായുള്ള പത്ത് പോയിന്റുകളിലെ സുരക്ഷയും, മകരവിളക്ക് ദിവസം ജ്യോതി ദർശനത്തിനായി പുല്ലുമേടിലേക്ക് തീർഥാടകരെ കയറ്റിവിടുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും.
Most Read| ആരോഗ്യ മേഖലയുടെ നവീകരണം; 3000 കോടി രൂപയുടെ ബൃഹത് പദ്ധതി വരുന്നു