പാലക്കാട്: തുടർച്ചയായി ശിശുമരണങ്ങൾ റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ ഇന്ന് അട്ടപ്പാടിയിലെത്തും. അഗളിയിൽ രാവിലെ 10ന് യോഗം ചേരും. വിഷയം പഠിച്ച് റിപ്പോർട് സമർപ്പിക്കാൻ വകുപ്പ് ഡയറക്‌ടർക്ക് മന്ത്രി നിർദ്ദേശവും നൽകിയിട്ടുണ്ട്.
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതിനെക്കുറിച്ച് മന്ത്രിയോട് ജനപ്രതിനിധികൾ ആവശ്യമുന്നയിക്കും. ആദിവാസി അമ്മമാർക്കുളള ജനനി ജൻമരക്ഷാ പദ്ധതി മുടങ്ങിയതും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
സംസ്‌ഥാന ആരോഗ്യവകുപ്പും ഗൗരവത്തോടെയാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കാണുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് അട്ടപ്പാടി സന്ദർശിക്കും.
അട്ടപ്പാടിയിൽ ഇന്നലെ മാത്രം മൂന്ന് കുഞ്ഞുങ്ങളാണ് മരിച്ചത്. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ- അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുട്ടി, വീട്ടിയൂര്‍ ഊരിലെ ഗീതു- സുനീഷ് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആൺകുട്ടി, കടുകുമണ്ണ ഊരിലെ ജെക്കി- ചെല്ലൻ ദമ്പതികളുടെ ആറ് വയസുകാരി ശിവരഞ്‌ജിനി എന്നിവരാണ് ഇന്നലെ മരിച്ചത്.
Most Read: ‘ഒമൈക്രോൺ’; പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ, ലോകമെങ്ങും ജാഗ്രത








































