അട്ടപ്പാടി ശിശുമരണം; സഭയിൽ തർക്കം, ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: അട്ടപ്പാടി മുരുഗള ഊരിൽ കുഞ്ഞ് മരിച്ച സംഭവത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർക്കം. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ എംഎൽഎ ഷംസുദ്ദീൻ ആണ് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

‘ഉത്തരേന്ത്യയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇപ്പോൾ ഇത് സംഭവിച്ചിരിക്കുന്നത് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്. അട്ടപ്പാടിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സർക്കാർ വംശഹത്യക്ക് കൂട്ടുനിൽക്കുന്നുവെന്ന് പറയേണ്ടി വരും. ഈ മാസം മാത്രം നാല് കുഞ്ഞുങ്ങളാണ് അട്ടപ്പാടി ഊരിൽ മരിച്ചത്. കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് മരുന്നില്ല. ആശുപത്രി കാന്റീൻ ഒരാഴ്‌ചയായി പൂട്ടിക്കിടക്കുകയാണ്. സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്‌ഥതയും അലംഭാവവുമാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണം’; ഷംസുദ്ദീൻ പറഞ്ഞു.

എന്നാൽ, മഴയിൽ റോഡിൽ ചെളി നിറഞ്ഞത് കൊണ്ടാണ് ഊരിലേക്ക് വാഹനസൗകര്യം ഇല്ലാത്തതെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. അട്ടപ്പാടിയിലെ ഗർഭിണികളുടെ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കിയെന്നും ആക്ഷൻ പ്‌ളാൻ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. ആദിവാസി ഊരിൽ വാഹന സൗകര്യക്കുറവ് പരിഹരിക്കാൻ ശ്രമിക്കും. എല്ലാ ഊരിലേക്കും റോഡ് വെട്ടുക പ്രയാസമാണ്. ഗതാഗത പ്രശ്‌നം തീർക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കും. അട്ടപ്പാടിക്ക് വേണ്ടി സമഗ്ര കർമപദ്ധതി തയ്യാറാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും കെ രാധാകൃഷ്‌ണൻ വിശദീകരിച്ചു.

മുരുഗള ഊരിൽ മരിച്ച കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും വിശദീകരിച്ചു. കുഞ്ഞിന് ആവശ്യത്തിന് ഭാരം ഉണ്ടായിരുന്നു. അട്ടപ്പാടിയിലെ ആശുപത്രിയിൽ പീഡിയാട്രിക് ഐസിയു അടക്കം ഒരുങ്ങുകയാണ്. കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് സൗകര്യമുണ്ട്. ഷംസുദ്ദീൻ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇരുമന്ത്രിമാരുടെയും വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിൽ സ്‌പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനിടെ ഷംസുദ്ദീൻ കോട്ടത്തറ ആശുപത്രി സന്ദർശിക്കണമെന്ന വീണാ ജോർജിന്റെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. തുടർന്ന് സ്‌പീക്കർ സഭ നിർത്തിവെച്ചു.

Most Read: അവധി കഴിഞ്ഞെത്തിയപ്പോൾ സ്‌കൂൾ കാണാനില്ല; നടുറോഡിൽ കുട്ടികളെ പഠിപ്പിച്ച് അധ്യാപകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE