തിരുവനന്തപുരം: ക്രിസ്‌തുമസ് അവധിക്ക് ശേഷം സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ മാനദണ്ഡങ്ങൾ കർശനമാക്കിയാണ് സ്‌കൂളുകൾ പ്രവർത്തിക്കുക. ഒമൈക്രോൺ വ്യാപനം കണക്കിലെടുത്ത് വിദേശത്ത് നിന്ന് വരുന്നവർ ക്വാറന്റെയ്ൻ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
അതേസമയം രാജ്യത്ത് പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാവും. 2007ലോ അതിന് മുൻപോ ജനിച്ചവർക്കാണ് വാക്‌സിൻ നൽകുക. ഞായറാഴ്‌ച വൈകുന്നേരം വരെ ആറ് ലക്ഷത്തിലേറെ കുട്ടികൾ കുത്തിവെപ്പിനായി കോവിൻ ആപ്പിൽ രജിസ്‌റ്റർ ചെയ്‌തു.
കുത്തിവെപ്പ് ഇന്ന് രാവിലെ ഒൻപത് മുതൽ ആരംഭിക്കും. ഭക്ഷണം കഴിച്ച ശേഷം വേണം കുത്തിവെപ്പെടുക്കാൻ. ആധാർ കാർഡോ സ്‌കൂൾ ഐഡി കാർഡോ നിർബന്ധമാണ്. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ പിങ്ക് ബോർഡുണ്ടാകും.
വാക്‌സിനേഷനായി എത്തുന്നവർ റജിസ്‌റ്റർ ചെയ്‌തപ്പോൾ ലഭിച്ച മൊബൈൽ സന്ദേശമോ പ്രിന്റൗട്ടോ കൗണ്ടറിൽ നൽകണം. ആരോഗ്യ പ്രശ്‌നങ്ങളോ അലർജിയോ ഉണ്ടങ്കിൽ മുൻകൂട്ടി അറിയിക്കണം. ബുധനാഴ്‌ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ആശുപത്രികളിൽ കുത്തിവെപ്പ് ഉണ്ടായിരിക്കുന്നതാണ്.
Most Read: ഐഎംഎയുടേത് ഉൾപ്പടെ 3 ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു







































