മുംബൈ: നഗരം മാത്രമല്ല, രാജ്യം മുഴുവൻ മുൾമുനയിലായ മണിക്കൂറുകളാണ് കടന്നുപോയത്. 17 കുട്ടികളെയടക്കം 19 പേരെ മുംബൈ നഗരത്തിലെ പൊവയ് മേഖലയിൽ സ്ഥിതിചെയ്യുന്ന സ്റ്റുഡിയോ കെട്ടിടത്തിൽ ബന്ദികളാക്കിയെന്ന വാർത്ത പുറത്തുവന്നതോടെ മുംബൈ നഗരം ഒന്നാകെ നടുങ്ങി.
ഒടുവിൽ, പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ മൂന്നുമണിക്കൂറിനുള്ളിൽ കുട്ടികളെയടക്കം എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ എന്നയാൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.
പൊവയിലെ ആർഎ സ്റ്റുഡിയോ എന്ന അഭിനയ പഠനകേന്ദ്രത്തിൽ രാവിലെയാണ് രോഹിത് ആര്യ കുട്ടികളെ ബന്ദികളാക്കിയത്. വെബ് സീരീസിന്റെ ഓഡിഷന് വേണ്ടി വിളിച്ചുവരുത്തിയ കുട്ടികളെ ഇയാൾ ബന്ദികളാക്കുകയായിരുന്നു. ഇതിന് പിന്നാലെ, തനിക്ക് ചില ആവശ്യങ്ങളുണ്ടെന്ന് പറഞ്ഞ് ഇയാൾ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു.
പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറ്റുമുട്ടലിനിടെയാണ് രോഹിതിന് വെടിയേറ്റത്. ഇയാൾ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയാണ് മരിച്ചത്. കുട്ടികളെ സുരക്ഷിതരാക്കി രക്ഷിതാക്കൾക്കൊപ്പം വിട്ടതായി മുംബൈ പോലീസ് അറിയിച്ചു.
പ്രതി മാനസികരോഗി ആണോയെന്ന് സംശയിക്കുന്നതായി പോലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തനിക്ക് അധികൃതരോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അതിന് വേണ്ടിയാണ് കുട്ടികളെ ബന്ദിയാക്കിയത് എന്നുമാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. തന്റെ ആവശ്യം അംഗീകരിക്കാതെ കുട്ടികൾ ഉപദ്രവിക്കപ്പെട്ടാൽ താൻ ഉത്തരവാദി ആയിരിക്കില്ലെന്നും ഇയാൾ പറഞ്ഞിരുന്നു.
രോഹിത് ആര്യയുടെ കൈയ്യിൽ എയർ ഗൺ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. പോലീസ് ആദ്യം ഇയാളുമായി ആശയവിനിമയം നടത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതി വഴങ്ങിയില്ല. തുടർന്ന് ശുചിമുറിയിലൂടെ അകത്ത് കടന്ന് രോഹിത് ആര്യയെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെയാണ് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു.
Most Read| എട്ടാം ക്ളാസുകാരന്റെ ധീരതയിൽ രണ്ടുവയസുകാരിക്ക് പുതുജീവൻ








































