താനെ: മഹാരാഷ്‌ട്രയിൽ യുവതിക്ക് നേരെ കാമുകന്റെ ക്രൂര മർദ്ദനം. പ്രിയ സിങ് എന്ന യുവതിയാണ് കാമുകനിൽ നിന്ന് നേരിട്ട ആക്രമണത്തെ കുറിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റിട്ടത്. ക്രൂരമായി മർദ്ദിക്കുകയും വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. മഹാരാഷ്‌ട്ര സ്‌റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ മാനേജിങ് ഡയറക്‌ടറായ അനിൽ ഗെയ്‌ക്‌വാദിന്റെ മകൻ അശ്വജിത്ത് ഗെയ്‌ക്‌വാദ് ആണ് ആക്രമണം നടത്തിയതെന്നാണ് യുവതിയുടെ പരാതി.
ഡിസംബർ 11ന് പുലർച്ചെ നാല് മണിക്കാണ് സംഭവം. കുടുംബത്തിൽ ഒരു പരിപാടി ഉണ്ടെന്നും പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു അശ്വജിത്ത് വിളിച്ചതനുസരിച്ചു കാണാൻ പോയതായിരുന്നു പ്രിയ. എന്നാൽ, അസാധാരണമായ അവസ്‌ഥയിലാണ് അശ്വജിത്ത് തന്നോട് സംസാരിച്ചതെന്ന് പ്രിയ പറയുന്നു. അശ്വജിത്തിന്റെ കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. ഇയാളാണ് തന്നെ അപമാനിക്കാൻ തുടങ്ങിയത്. ഇടപെടാൻ അശ്വജിത്തിനോട് പറഞ്ഞതോടെ അടിക്കാൻ തുടങ്ങി. കഴുത്ത് ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചു.
അശ്വജിത്തിനെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും തലമുടി പിടിച്ചു വലിച്ചു നിലത്തിട്ടു. കാറിൽ നിന്ന് ഫോണും മറ്റും എടുക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവറോട് വാഹനം ഇടിപ്പിക്കാൻ അശ്വജിത്ത് ആവശ്യപ്പെടുകയായിരുന്നു. പ്രിയ സിങ്ങിന്റെ കാലിലൂടെയാണ് കാർ ഓടിച്ചു കെട്ടിയത്. വാഹനം ഇടിച്ചു ഗുരുതരമായി പരിക്കേറ്റ പ്രിയ അര മണിക്കൂറോളം റോഡിൽ കിടന്നു. തുടർന്ന് അതുവഴി പോയ ആളാണ് ആശുപത്രിയിൽ എത്തിച്ചത്. ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു യുവതി.
വലത് കാലിന് ഒടിവുണ്ടെന്നും ശസ്‌ത്രക്രിയ ചെയ്‌ത് കമ്പിയിടേണ്ടി വന്നുവെന്നും പ്രിയ പറയുന്നു. കൈയിലും പുറത്തും വയറിലും മുറിവേറ്റിട്ടുണ്ട്. അടുത്ത ആറുമാസം നടക്കാൻ പരസഹായം വേണ്ടിവരുമെന്നും പ്രിയ പോലീസിനോട് പറഞ്ഞു. അതേസമയം, തന്റെ കാലിലൂടെ കാർ കയറ്റിയ ശേഷം അവർ അവിടെ നിന്ന് രക്ഷപ്പെട്ടെന്നാണ് പ്രിയ പറയുന്നത്.
സംഭവത്തിന് ശേഷം താനെയിലെ കാസർവാഡാവലി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും ഉന്നതരുടെ സമ്മർദ്ദത്തെ തുടർന്ന് ഉദ്യോഗസ്‌ഥർ വിസമ്മതിച്ചുവെന്നാണ് പ്രിയയുടെ ആരോപണം. എന്നാൽ, സാമൂഹിക മാദ്ധ്യമങ്ങളിൽ വിഷയം ചർച്ചയായതോടെ ഇതേ പോലീസ് സ്‌റ്റേഷനിൽ അശ്വജിത്തിനെതിരെയും ഡ്രൈവർക്ക് എതിരെയും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 26– കാരിയായ പ്രിയ സിങ്ങും അശ്വജിത്തും അഞ്ചുവർഷമായി അടുപ്പത്തിലാണ്. ഇൻസ്‌റ്റാഗ്രാമിൽ ഒരു മില്യണിലധികം ഫോളോവേഴ്‌സുള്ള ആളാണ് പ്രിയ.
Most Read| ഗാസയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചു കൊന്നതായി ഇസ്രയേൽ സൈന്യം